കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് കെ കെ ശൈലജ

കാഫിർ പോസ്റ്റ് കെ കെ ലതിക ഷെയർ ചെയ്തത് തെറ്റാണെന്ന് കെ കെ ശൈലജ. എന്തിനാണ് ഷെയർ ചെയ്തെന്ന് മുൻ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാനസമിതി അംഗവുമായ കെ കെ ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പ്രതികരിച്ചു.

കാഫിർ പോസ്റ്റ് ഉണ്ടാക്കിയവർ ആരാണെങ്കിലും പിടിക്കപ്പെടണം. യഥാർത്ഥ ഇടത് നയമുള്ളവർ ഇത് ചെയ്യില്ല. പോലീസ് റിപ്പോർട്ടിലെ സൈബർ ഗ്രൂപ്പുകളെ കണ്ണൂർ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്. പാർട്ടി ചിഹ്നങ്ങൾ ഉപയോഗിച്ച് ചിലർ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിക്കുന്നു. കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായി.

ഇക്കാര്യത്തിലും കേസുകൾ ഉണ്ട്. കാന്തപുരത്തിന്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ പ്രചരണം നടത്തിയെന്നും ലൗ ജിഹാദ് പരാമർശമെന്ന പേരിലും വ്യാജപ്രചരണം നടത്തിയെന്നും കെ കെ ശൈലജ പറഞ്ഞു. പോലീസ് കൃത്യമായ വിവരശേഖരണം നടത്തണം. നിർമ്മിച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണെന്നും വ്യാജപ്രചരണം നടത്തിയ എല്ലാവർക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

ഭീകര പ്രവർത്തനം എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനും കെ കെ ശൈലജ മറുപടി നൽകി. സമുദായ നേതാവിന്റെ ലെറ്റർ ഹെഡ് വ്യാജമായി നിർമ്മിച്ചത് ഭീകര പ്രവർത്തനം അല്ലേയെന്നായിരുന്നു മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*