കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളെ പറ്റി അറിയാം!

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്‍റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്സ്, പഴങ്ങള്‍, പച്ചക്കറികള്‍, പച്ചിലകള്‍, ഹോള്‍ ഗ്രെയ്നുകള്‍ തുടങ്ങിയവ കരളിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം.

  • പഞ്ചസാര

ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ കൊഴുപ്പ് കരള്‍ ഉള്‍പ്പെടെയുള്ള പല അവയവങ്ങളിലും അടിഞ്ഞു കൂടി രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. കരളില്‍ കൊഴുപ്പടിയുന്നത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.

  • അമിതമായ ഉപ്പ്

അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണമാകും. ഇത് കരളിന് അത്ര നല്ലതല്ല. ചിപ്സ്, ഉപ്പ് ബിസ്കറ്റ്, ഉപ്പ് അടങ്ങിയ സ്നാക്സ് തുടങ്ങിയവയില്‍ സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും അമിതമായി അടങ്ങിയിരിക്കുന്നു. ഇത് ഫാറ്റി ലിവര്‍ രോഗത്തിനും അമിത വണ്ണത്തിനും കാരണമാകും. 

  • റെഡ് മീറ്റ് 

ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് ദഹിപ്പിക്കുക എന്നത് കരളിന് ആയാസമുള്ള കാര്യമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഈ പ്രോട്ടീനെ വിഘടിപ്പിക്കുകയെന്നത് കരളില്‍ അമിത സമ്മര്‍ദമുണ്ടാക്കും. കരളില്‍ പ്രോട്ടീന്‍ കെട്ടിക്കിടക്കുന്ന അവസ്ഥ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനും കാരണമാകും. അമിതമായ പ്രോട്ടീന്‍ കരളിന് പുറമേ വൃക്കകളെയും ബാധിക്കാം. 

  • മദ്യം

അമിത മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, ലിവര്‍ സിറോസിസ് പോലുള്ള പല രോഗങ്ങളിലേക്കും നയിക്കാം. കരള്‍ അര്‍ബുദത്തിനും മദ്യപാനം കാരണമാകാം. കുറച്ച് ദിവസത്തേക്ക് പോലും വലിയ അളവിൽ മദ്യം കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കുകായും ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുകയും ചെയ്യും.

  • ഗ്യാസ് അടങ്ങിയ പാനീയങ്ങൾ 

സോഡ, കോള തുടങ്ങിയ ഗ്യാസ് അടങ്ങിയ പാനീയങ്ങളും കരള്‍ നാശത്തിന് കാരണമാകാം. ഇവ നിത്യവും കഴിക്കുന്നത് കരള്‍ രോഗമുള്‍പ്പെടെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. മധുരവും അമിതമായി അടങ്ങിയ ഇത്തരം പാനീയങ്ങള്‍ അമിത വണ്ണത്തിനും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതിനും കാരണമാകാം. 

  • ജങ്ക് ഫുഡ് 

പിസ, പാസ്ത, ഫ്രഞ്ച് ഫ്രൈസ്  തുടങ്ങി പല ജങ്ക് ഫുഡുകളും കരളിനെ നിശ്ശബ്ദം കൊല ചെയ്തു കൊണ്ടിരിക്കുകയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് ഫാറ്റുമാണ് വില്ലന്‍. ഇവയിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ കരളിന് അത്യധ്വാനം ചെയ്യേണ്ടി വരുന്നു. സാച്ചുറേറ്റഡ് കൊഴുപ്പ് ശരീരത്തിലെ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നത് ഹൃദ്രോഗത്തിനും കാരണമാകാം. 

  • മൈദ മാവ്

പാസ്തയും പിസ്സയും ബ്രഡും നമ്മുടെ പൊറോട്ടയുമെല്ലാം ഉണ്ടാക്കുന്നത് മൈദമാവില്‍ നിന്നാണ്. മൈദ പഞ്ചസാരയായും പിന്നീട് കൊഴുപ്പായും മാറ്റപ്പെടുന്ന ഭക്ഷണമാണ്. ഇതിനാല്‍ ഇത് കരളിന് അപകടം വരുത്തും. ഫാറ്റി ലിവര്‍ രോഗമുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകള്‍ക്ക് മൈദയുടെ നിത്യവുമുള്ള ഉപയോഗം കാരണമാകാം.

ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് കരളിന്റെ ആരോഗ്യം നിലനിർത്താനാവും.

Be the first to comment

Leave a Reply

Your email address will not be published.


*