കൊച്ചി മെട്രോ പേട്ട – എസ്.എന്‍. ജംഗ്ഷന്‍ റൂട്ട് യാത്രാസജ്ജമാവുന്നു

കൊച്ചി: കൊച്ചി മെട്രോയുടെ (Kochi Metro) പേട്ട- എസ്.എന്‍. ജംഗ്ഷന്‍ വരെയുള്ള പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധന വ്യാഴാഴ്ച ആരംഭിച്ചു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന വെള്ളിയാഴ്ചയും തുടരും. വടക്കേകോട്ട, എസ്.എന്‍. ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റര്‍, സിഗ്‌നലിംഗ് സംവിധാനങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും അവ പ്രവര്‍ത്തന ക്ഷമമാണ് എന്ന് ഉറപ്പാക്കുകയും ചെയ്തു. ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലെ സാങ്കേതിക സംവിധാനങ്ങള്‍ തുടങ്ങയവയും പരിശോധനയ്ക്ക് വിധേയമാക്കി. അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംഘത്തിന് മുമ്പാകെ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. സംഘം 1.8 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ ട്രോളി ഉപയോഗിച്ച് യാത്ര നടത്തി പരിശോധിച്ചു. പുതിയ പാതയിലൂടെ ട്രെയിൻ ഓടിച്ചുകൊണ്ടുള്ള പരിശോധന വെള്ളിയാഴ്ച നടക്കും.
മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് കുമാര്‍ റായുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിഥിഷ് കുമാര്‍ രജ്ഞന്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ഇ ശ്രീനിവാസ്, എം.എന്‍. അതാനി, സീനിയര്‍ ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ജി. പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് എസ്.എന്‍. ജംഗ്ഷനില്‍ എത്തിയ സംഘത്തെ KMRL മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ, ഡയറകടര്‍ സിസ്റ്റംസ് ഡി.കെ. സിന്‍ഹ എന്നിവര്‍ സ്വീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*