
കൊച്ചി: കൊച്ചി വാട്ടർമെട്രോയുടെ ഫോർട്ട് കൊച്ചി സർവീസ് ഇന്ന് ആരംഭിക്കും. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുവാനാണ് തീരുമാനം.
കൊച്ചിൻ ഷിപ്പിയാർഡ് സര്‍വീസിനുള്ള 14-ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഇന്ന് സർവ്വീസ് ആരംഭിക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു. ഇതോടെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഫോർട്ട്കൊച്ചിയിൽ എത്തിച്ചേരാൻ വാട്ടർ മെട്രോ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോ ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം പൂർത്തിയാവുകയാണ്. ഒൻപതു ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.
Be the first to comment