ജാതിയുടെ പേരില്‍ പാര്‍ട്ടിയില്‍ വിവേചനം, കൂടുതല്‍ തവണ മത്സരിച്ചതിന് വേട്ടയാടുന്നു; തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മാറ്റിനിർത്തപ്പെടുന്നുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ദലിതനായതിനാല്‍ തന്നെ തുടര്‍ച്ചയായി പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി. സംവരണ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പില്‍ പോലും വിവേചനം നേരിട്ടിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. ഗാന്ധിഗ്രാമം സംഘടിപ്പിച്ച ദലിത് പ്രോഗ്രസ് കോണ്‍ക്ലേവില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും പങ്കെടുത്ത വേദിയിലായിരുന്നു കൊടിക്കുന്നിലിന്റെ തുറന്നു പറച്ചില്‍. താന്‍ നില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. കാരണം തുറന്നു പറഞ്ഞാല്‍ വിവാദമായേക്കാം. ശത്രുക്കള്‍ കൂടിയേക്കാം. സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. പല തരത്തിലുള്ള ആക്രമണം നേരിട്ടു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കില്ലായിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ജീവിതത്തില്‍ വളരെയേറെ പ്രതിസന്ധികളെയും മോശം സാഹചര്യങ്ങളെയും മറികടക്കേണ്ടി വന്നു. താനായതുകൊണ്ടാണ് അതൊക്കെ അതിജീവിച്ച് ഇവിടെ വരെയെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായിരുന്നു. എന്തുകൊണ്ടാണ് മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നിലിനെ തന്നെ മത്സരിപ്പിക്കുന്നത് എന്നായിരുന്നു ചര്‍ച്ച. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു.

തന്നെക്കാള്‍ കൂടുതല്‍ കാലം എംപി ആയവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ല. തന്നെ മാത്രമാണ് വേട്ടയാടുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. എന്നാല്‍ പാര്‍ട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

കഠിനാധ്വാനിയായ കോണ്‍ഗ്രസ് നേതാവാണ് കൊടിക്കുന്നില്‍ സുരേഷെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞതാണ്. എന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തിനായി നിലകൊണ്ടു. കൊടിക്കുന്നില്‍ തന്നെ മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടവരില്‍ ഒരാളാണ് താന്‍. അദ്ദേഹത്തെ ഒരിക്കലും മാറ്റിനിര്‍ത്തിയിട്ടില്ല. അദ്ദേഹത്തെ പ്രിയപ്പെട്ട സഹോദരനായി മാത്രമാണ് കണ്ടിട്ടുള്ളത്. അത് അദ്ദേഹത്തിനും അറിയാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*