‘ആശമാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും, സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥ’; കൊടിക്കുന്നിൽ സുരേഷ് എം പി

ആശമാരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്. യുഡിഎഫ് എംപിമാർ വിഷയം ലോക്‌സഭയിലും രാജ്യസഭയിലും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആശ വർ‌ക്കർമാരുടെ സമരത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി നൽകിയ കത്തിന് കേന്ദ്ര ആരോ​ഗ്യ വകുപ്പ് മന്ത്രി ജെ പി നദ്ദ മറുപടി നൽകി . ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി കത്തിന് മറുപടി നൽകി.

ആശ വർക്കർമാരുടെ സമരത്തോട് സർക്കാരും സിപിഐഎമ്മും കാണിക്കുന്ന തൊഴിലാളി വിരുദ്ധ സമീപനം വഞ്ചനാപരമാണെന്ന് നേരത്തെ കൊടിക്കുന്നിൽ സുരേഷ് പറ‍ഞ്ഞിരുന്നു. തൊഴിലാളി വർ‌​ഗ പാർട്ടി എന്നും പുരോ​ഗമന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളുമെന്ന് അവകാശപ്പെടുന്ന സിപിഐഎം ആശ പ്രവർത്തകരടക്കം വിവിധ മേഖലയിലെ തൊഴിലാളികളെ പുച്ഛിക്കുകയാണ്. അവർക്ക് തുച്ഛമായ വേതനം നൽകി അവഹേളിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു.

അതേസമയം വനിതാ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലേക്ക് കേരളത്തിലെമ്പാടുമുള്ള സ്ത്രീകളെ ആശാ വർക്കർമാർ സ്വാഗതം ചെയ്തിട്ടുണ്ട്. സമരത്തിന്‍റെ ഇരുപത്തിയേഴാം ദിവസമാണ് ഇന്ന്. മഹാസംഗമത്തിന് പിന്തുണയറിയിച്ച് അരുന്ധതി റോയിയും, ദിവ്യപ്രഭയും, കനി കുസൃതിയും, റിമാകല്ലിങ്കലും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്.

വിവിധ വനിതാ സംഘടനകളിൽ നിന്നടക്കമുള്ള പ്രതിനിധികൾ ഇന്ന് സമരവേദിയിൽ എത്തും. സമരം ശക്തമായി തുടരുമ്പോഴും ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. അതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ ഇപ്പോഴും ഇതുവരെയും അനുനയ ചർച്ചകൾക്കുള്ള സാധ്യതകളും തുറന്നിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*