ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജഡേജയേക്കാള്‍ മുന്നില്‍ കോഹ്‌ലി

ന്യൂഡല്‍ഹി : ടി 20 ലോകകപ്പിന് പിന്നാലെ ഓള്‍റൗണ്ടര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ് ഐസിസി പുറത്തുവിട്ടിരുന്നു. ലോകകപ്പില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും പേസ് ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പാണ്ഡ്യ ഒന്നാമതെത്തിയത്. എന്നാല്‍ റാങ്കിങ്ങിലെ മറ്റൊരു രസകരമായ കാര്യമാണ് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

റാങ്കിങ്ങില്‍ ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേക്കാള്‍ മുന്നിലാണ് സ്റ്റാര്‍ ബാറ്ററായ വിരാട് കോഹ്‌ലി. 49 പോയിന്റുമായി 79-ാം സ്ഥാനത്താണ് കോഹ്‌ലി. അതേസമയം 45 പോയിന്റുകളുമായി 86-ാം സ്ഥാനത്താണ് ജഡേജയുടെ സ്ഥാനം. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ഏകദിന റാങ്കിങ്ങില്‍ 11-ാം സ്ഥാനത്തും തുടരുന്നതിനിടെയാണ് ജഡേജ ടി 20 റാങ്കിങ്ങില്‍ കോഹ്‌ലിക്കും പിന്നില്‍ പോയത്. 2024ല്‍ ഇന്ത്യയുടെ ടി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് ഒരു പ്രീമിയര്‍ ഓള്‍റൗണ്ടറായി തിരഞ്ഞെടുത്ത ജഡേജയുടെ റാങ്കിങ് എന്തുകൊണ്ട് ഇത്രയും താഴെപോയി എന്നാണ് ആരാധകരുടെ സംശയം.

ഇക്കഴിഞ്ഞ ടി20 ലോകകപ്പടക്കം കളിച്ചിട്ടും സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ എട്ടുവര്‍ഷത്തിനിടെ ഒരോവര്‍ മാത്രം എറിഞ്ഞ കോഹ്‌ലിക്കും പിറകിലെ റാങ്കിങ്ങിലെത്തിയത് എന്തുകൊണ്ടായിരിക്കാം? ബാറ്റിങ്ങിന്റെയും ബൗളിങ്ങിന്റെയും ആകെയുള്ള കണക്കുകള്‍ വിലയിരുത്തിയാണ് ഐസിസി ഓള്‍റൗണ്ടറെ തീരുമാനിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ടി 20 കരിയറില്‍ 125 മത്സരത്തില്‍ നിന്ന് 4118 റണ്‍സാണ് നേടിയിട്ടുള്ളത്. ശരാശരി 48.7 ആണ്. 137 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയിട്ടുള്ളത്.

നാല് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതേസമയം ജഡേജ 74 ടി20യില്‍ നിന്ന് നേടിയത് 515 റണ്‍സും 74 വിക്കറ്റുമാണ്. ഐസിസി നിയമപ്രകാരം ആകെ റേറ്റിങ് പരിശോധിക്കുമ്പോള്‍ കോഹ്‌ലിക്ക് ജഡേജയെക്കാള്‍ പോയിന്റ് ലഭിക്കും. ഇതാണ് റാങ്കിങ്ങില്‍ ജഡേജയെക്കാള്‍ മുന്നില്‍ കോഹ്‌ലി എത്താനുള്ള കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*