കൊൽക്കത്തയിൽ പ്രതിഷേധം തുടരുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് മുഖ്യന്ത്രി മമതാ ബാനർജി. ആരോഗ്യ വകുപ്പ് ഡയറക്ടറേയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേയും നീക്കി. കൊൽക്കത്ത പോലീസ് കമ്മീഷണറേയും ഉടൻ മാറ്റും. സമരം പിൻവലിക്കുന്നത് കൂടിയാലോചിച്ച് അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചതായി മമത. ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഡോക്ടർസിന് നേരിട്ട് ചീഫ് സെക്രട്ടറിയെ അറിയിക്കാം. പോലീസ് കമ്മിഷണറേയും ആരോഗ്യ സെക്രട്ടറിയേയും മാറ്റണമെന്നായിരുന്നു സമരം ചെയ്യുന്ന ജൂനിയർ ഡോക്ടേഴ്സിന്റെ ആവശ്യം. മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടേഴ്സും തമ്മിലുള്ള 1മണിക്കൂർ 45 മിനിറ്റ് നീണ്ടു നിന്ന ചർച്ചയിലാണ് ആവശ്യങ്ങൾ അംഗീകരിച്ചത്.
സമരം അവസാനിപ്പിക്കണം എന്നു ചർച്ചകളിൽ മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. എല്ലാവരുമായി ആലോചിച്ചശേഷം സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് ജൂനിയർ ഡോക്ടേഴ്സ് വ്യക്തമാക്കി. യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആദ്യഘട്ടം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചിരുന്നു. പോലീസിലെ ഉന്നതർക്ക് അടക്കം അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു.
ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബംഗാളിൽ ഉയർന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.
Be the first to comment