കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി ,ദാവൂദ് സുലൈമാൻ , കരിം രാജ എന്നിവരാണ് കുറ്റക്കാർ. കേസിലെ നാലാം പ്രതിയായ ഷംസുദ്ദീനെ കോടതി വെറുതേ വിട്ടു. നിലവിൽ പ്രതികൾക്കെതിരെയുള്ള ശിക്ഷാ വിധി കോടതി നാളെ പ്രഖ്യാപിക്കും. ശിക്ഷാ വിധി കേൾക്കാൻ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. വീഡിയോ കോൺഫറൻസ് മുഖാന്തരം പ്രതികളെ ഹാജരാക്കിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി.
കേസിൽ പ്രതികളുടെ ഭാഗത്തു നിന്നുള്ള വിശദീകരണം കോടതി തേടിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പശ്ചാത്താപമുണ്ടെന്നും ഇനി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്ക്യുഷൻ ആവശ്യപ്പെട്ട പരമാവധി ശിക്ഷ നൽകരുത് , കേസിൽ എട്ടുവർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നും മാനുഷിക പരിഗണന ഉണ്ടാകണെമന്നും കുടുംബങ്ങളെ ഇതൊക്കെ വേട്ടയാടുന്നുണ്ടെന്നുമായിരുന്നു കോടതിയിൽ പ്രതികളുടെ വാദം.
2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് വളപ്പിൽ ഉപയോഗശൂന്യമായി കിടന്ന തൊഴിൽ വകുപ്പിന്റെ ജീപ്പിനടിയിൽ അധികം പ്രഹരശേഷിയില്ലാത്ത ബോംബ് സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്.മധുര സ്വദേശികളും ഭീകരവാദ സംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരുമായിരുന്നു സ്ഫോടനം നടത്തിയത്. ബോംബ് സ്ഫോടനം നടത്തുന്നതിന് ഒരാഴ്ച മുമ്പ് കരിംരാജ കൊല്ലത്തെത്തി കളക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വീഡിയോകളും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തിയാണ് മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു അന്വഷണ സംഘത്തിൻ്റെ കണ്ടെത്തൽ.സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് കരിംരാജ ബോംബുമായി കൊല്ലത്തെത്തിയത്. ഇയാൾ ഒറ്റയ്ക്കാണ് കോടതി വളപ്പിലെ ജീപ്പിൽ ബോംബ് വച്ചതെന്നാണ് അന്വേഷണ റിപ്പോർട്ട്. സംഭവം അന്വേഷിച്ച കേരള പോലീസ് പ്രതികളെ കണ്ടെത്താനായിരുന്നില്ല. വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘമാണ് പ്രതികളെ പിന്നീട് പിടികൂടിയത്.
Be the first to comment