
അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കോട്ടയം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോളും ഒരു സാധാരണക്കാരനായ സുധിചേട്ടനും അളിയനുമൊക്കെയായി വാകത്താനത്തുകാർക്ക് ഒപ്പമുണ്ടായിരുന്നു കൊല്ലം സുധി. പേര് കൊല്ലം സുധിയെന്നാണെങ്കിലും അഞ്ചു വർഷമായി അദ്ദേഹം വാകത്താനത്താണ് താമസം.
ചേട്ടാ…ഒരു സെൽഫിവേണമെന്നു പറഞ്ഞാൽ സമയമോ സാഹചര്യമോ നോക്കാതെ ചേർത്തു നിർത്തും. വാകത്താനത്തെ ഒട്ടുമിക്ക ചെറുപ്പക്കാരുടെ ഫേസ്ബുക് പ്രൊഫൈലിൽ സുധിയോടൊപ്പമുള്ള ഒരു സെൽഫിയുണ്ടാവും.
തീഷ്ണമായ ജീവിത സാഹചര്യങ്ങളിൽ കൂടി കടന്നു വന്ന കൊല്ലം സുധി ഒരു കലാകാരനെന്നനിലയിൽ മിനി സ്ക്രീനിലും സിനിമയിലും തിളങ്ങിനിൽക്കുമ്പോഴാണ് അകലത്തിലെ വേർപാട്.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Be the first to comment