കൂളിമാട് പാലം ;വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല;പൊതുമരാമത്ത് മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം: നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി മുഹമ്മദ് റിയാസ് മടക്കി അയച്ചു. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ടാണ് മന്ത്രി മടക്കി അയച്ചത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഏതാണ് കാരണമെന്ന വ്യക്തമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.മാനുഷിക പിഴവാണെങ്കില്‍ ആവശ്യത്തിനു നൈപുണ്യ തൊഴിലാളികള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കണമെന്നും സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബുധനാഴ്ചയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരാര്‍ കമ്പനിക്കും, മേല്‍നോട്ടച്ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മേയ് 16നാണു മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ 3 ബീമുകള്‍ തകര്‍ന്നു വീണത്. 25 കോടി രൂപ ചെലവാക്കിയാണ് പാലം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അസി.എന്‍ജിനീയറും സംഭവ സമയത്തു സ്ഥലത്തുണ്ടായിരുന്നില്ല.ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകള്‍ ഉയര്‍ത്തുമ്പോള്‍ ഒരു ജാക്കി തകരാറിലായതാണു ബീമുകള്‍ തകരാന്‍ കാരണമെന്നായിരുന്നു കരാറുകാരുടെ വിശദീകരണം. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രതിനിധികള്‍ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.
ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോള്‍ എന്‍ജിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍.

Be the first to comment

Leave a Reply

Your email address will not be published.


*