ഭക്തിയും കൗതുകവും പകർന്ന് കോതനല്ലൂർ ഫൊറോനാ പള്ളിയിലെ ഇരട്ടകളുടെ സംഗമം

കടുത്തുരുത്തി • ഭക്തിയും കൗതുകവും പകർന്ന് കോതനല്ലൂർ ഫൊറോനാ പള്ളിയിലെ ഇരട്ടകളുടെ സംഗമം. ഇടവക മധ്യസ്ഥരും ഇരട്ട പുണ്യാളന്മാരുമായ കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന സംഗമത്തിൽ പങ്കെടുക്കാൻ ജാതിമത ഭേദമെന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 406 ജോഡി ഇരട്ടകൾ എത്തി. ആറ് ജോഡി ഇരട്ട വൈദികർ കുർബാന അർപ്പിച്ചു. തുടർന്ന് പ്രദക്ഷിണവും നടന്നു. സമർപ്പണ ശുശ്രൂഷയ്ക്ക് വികാരി ഫാ. സെബാസ്റ്റ്യൻ പഠിക്കക്കുഴുപ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.2007 ൽ വികാരിയായിരുന്ന ഫാ. ജോസഫ് പുത്തൻപുരയാണ് കോതനല്ലൂർ പള്ളിയിൽ ഇരട്ടകളുടെ സംഗമത്തിന് തുടക്കം കുറിച്ചത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തിൽ എത്തുന്നവരുടെ എണ്ണം വർഷം തോറും കൂടിവരികയാണ്.

രാജ്യാന്തര തലത്തിൽ വരെ ഈ സംഗമം ശ്രദ്ധിക്കപ്പെടുന്നു. ആറു മാസം പ്രായമുള്ള മുട്ടുചിറ കണിവേലിൽ ഹേയ്സൺ ലിസ ജോണും ആദം ലിസ ജോണും കോതനല്ലൂർ മടക്കുമുകളേൽ അധർവ് അജീഷും ആഗ്നേയ അജീഷും സംഗമത്തിലെ ശിശുക്കളായപ്പോൾ 76 വയസ്സുകാരായ കടപ്ലാമറ്റം രണ്ടാനിക്കൽ റോസമ്മ മാത്യുവും അതിരമ്പുഴ തെക്കേടത്ത് അന്നമ്മ ജോസഫും ഇരട്ടകളിൽ ഏറ്റവും മുതിർന്നവരായി. ഇരട്ടകളായ ആറ് ജോഡി വൈദികരും രണ്ട് ജോഡി കന്യാസ്ത്രീകളും ഒരു ജോഡി ഇരട്ട ദമ്പതികളും സംഗമത്തിൽ പങ്കെടുത്തു.കോതനല്ലൂർ ഇടവകയിൽ നിന്നു മാത്രം 25 ജോഡി ഇരട്ടകൾ പങ്കെടുത്തു. വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ, അസി. വികാരി ഫാ. ടോം ജോസ് മാമലശേരിൽ എന്നിവർ നേതൃത്വം നൽകി.

 

Be the first to comment

Leave a Reply

Your email address will not be published.


*