കോട്ടയ്ക്കപ്പുറം സെന്റ്‌ മാത്യൂസ് ദേവാലയത്തില്‍ ” മെൽസാദ് നുഹ്റാ ” ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതയിലെ അതിരമ്പുഴ ഫൊറോനയിലെ കോട്ടയ്ക്കപ്പുറം സെന്റ്‌ മാത്യൂസ് ഇടവകയിലെ ഇടവകാംഗങ്ങളിൽ ആയിരം പേർ ഒരുമിച്ചിരുന്ന് ബൈബിൾ പകർത്തി എഴുതുന്നു.

“മെൽസാദ് നുഹ്റാ ” വചനത്തിന്റെ വെളിച്ചം – എന്നാണ് ഈ പ്രോഗ്രാമിന്റെ പേര്. ഫ്രാൻസിസ് മാർപാപ്പ 2025 ആം ആണ്ടിനെ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ മഹാ ജൂബിലി വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി വചനത്തിന്റെ വർഷം കൂടി ആയിട്ടാണ് ആഗോള സാർവത്രിക സഭയിൽ ഈ വർഷം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയ്ക്ക്പുറം സെന്റ് മാത്യുസ്‌ ഇടവകയിൽ ഈ ചരിത്ര സംഭവം നടക്കുന്നത്.

ഇതിനൊരുക്കമായി ചങ്ങനാശ്ശേരി അതിരൂപതാ വികാരി ജനറാൾ  ഫാ ആന്റണി ഏത്തക്കാട് 2025 മാർച്ച് 30 ആം തീയതി പരിശുദ്ധ കുർബാന മദ്ധ്യേ ബൈബിൾ പ്രതിഷ്ഠ നടത്തി.

ഏപ്രിൽ അഞ്ചാം തീയതി വരെ ഇടവകയിൽ വചന വായന ആഴ്ച നടക്കുകയാണ്. ഏപ്രിൽ ആറാം തീയതി 8 മണിക്കുള്ള പരിശുദ്ധ കുർബാന മധ്യേ ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട സ്കറിയ കന്യാകോണിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് തിരുവചനം എഴുത്ത് ഉദ്ഘാടനം ചെയ്യും.

വയോജനങ്ങളും മുതിർന്നവരും യുവതി യുവാക്കളും കുട്ടികളും സിസ്റ്റേഴ്സും മതാധ്യാപകരും ഈ സംരംഭത്തിൽ പങ്കുചേരുന്നു. കേരള സഭയിൽ ചരിത്രത്തിൽ ആദ്യമായി നടക്കുന്ന സംരംഭമാണിത്.

ദേവാലയത്തിൽ എത്താൻ  സാധിക്കാത്ത ഏകദേശം 200 പേർ സ്വന്തം ഭവനങ്ങളിൽ ഇരുന്നായിരിക്കും തിരുവചനം പകർത്തി എഴുതുന്നത്. ഓരോരുത്തരും എഴുതേണ്ട ബൈബിൾ ഭാഗങ്ങൾ അവരവരുടെ വീടുകളിൽ എത്തിച്ചു കഴിഞ്ഞു. സ്വന്തം ഭവനങ്ങളിൽ ഇരുന്നു വായിച്ച് പരിശീലിച്ചും എഴുതി പരിശീലിച്ചുമാണ് വേദപുസ്തകം എഴുതാൻ എല്ലാവരും ഒരുമിച്ച് വരുന്നത്.  വികാരി ഫാ.സോണി തെക്കുമുറിയിലും സഹ വികാരി ഫാ.ജെറിൻ കാവനാട്ടും കൈകാരന്മാരും മതാധ്യാപകരും ഈ സംരംഭത്തിന് നേതൃത്വം വഹിക്കും.

 

 

Be the first to comment

Leave a Reply

Your email address will not be published.


*