സജീവം ലഹരി വിരുദ്ധ ക്യാമ്പയിനുമായി കോട്ടയം അതിരൂപത

ഏറ്റുമാനൂർ : ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവന്റെ പരിപോഷകരും സംരക്ഷകരുമായി മാറുവാന്‍ സാധിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ലഹരി മുക്ത സമൂഹ നിര്‍മ്മിതിയോടൊപ്പം യുവതലമുറയ്ക്ക് കരുതല്‍ ഒരുക്കുന്നതിനുമായി ഭാരത കത്തോലിക്കാ മെത്രാന്‍ സമതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെയും കെ.സി.ബി.സിയുടെയും കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിഭാവനം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ കോട്ടയം അതിരൂപതാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തിക്കുവാനും ലഹരിയുടെ അപകടങ്ങളിലേയ്ക്ക് വീണ് പോകാവുന്ന യുവതലമുറയെ കൈപിടിച്ചുയര്‍ത്തുവാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരൂപത ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. മാത്യു കുഴിപ്പള്ളിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സി. ജോണ്‍ വിശിഷ്ഠാതിഥിയായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത്മലയില്‍, അതിരൂപത ഫാമിലി കാറ്റിക്കിസ്സം കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോം തോമസ് നന്ദികുന്നേല്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ഇടയ്ക്കാട്ട് ഫൊറോനാ പ്രസിഡന്റ് ജെയ്‌സി വെള്ളാപ്പള്ളിയില്‍, സജീവം പദ്ധതി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആല്‍ബിന്‍ ജോസ് എന്നിവര്‍ പ്രംസഗിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തപ്പെട്ടു.

കൂടാതെ കെ.സി.ബി.സി പ്രൊലൈഫ് ദിനത്തിന്റെ ഭാഗമായി അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ തോട്ടിലെ വെള്ളത്തില്‍ വീണ് മുങ്ങിത്താണ വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച കടുത്തുരുത്തി സ്വദേശി ഷൈജു മാത്യു കൊച്ചുപടപുരയ്ക്കലിനെ ആദരിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും മത അധ്യാപകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അവബോധം നല്‍കിക്കൊണ്ട് ലഹരിവിരുദ്ധ ടാസ്‌ക്ക ഫോഴ്‌സിന് രൂപം നല്‍കുവാനും ലക്ഷ്യമിടുന്നു. സോഷ്യല്‍ ആക്ഷന്‍, ടെമ്പറന്‍സ്, ഫാമിലി, കാറ്റിക്കിസം, യൂത്ത്, എജ്യുക്കേഷന്‍, മീഡിയ കമ്മീഷനുകളുടെയും കെ.സി.സി, കെ.സി.ഡബ്ലിയു.എ, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക.

 

 

Be the first to comment

Leave a Reply

Your email address will not be published.


*