
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശന കര്‍മ്മം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പിആര്‍ഒ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മേള നടക്കുന്നത്.
മേളയോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളുടെ പ്രദര്‍ശനം, സ്റ്റാച്ച്യു പാര്‍ക്ക്, കാര്‍ഷിക വിള പ്രദര്‍ശന പവലിയന്‍, സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം, ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍, നാടകരാവുകള്‍, നാടന്‍പാട്ട് സന്ധ്യകള്‍, സാമൂഹ്യ ശ്രേഷ്ഠ പുരസ്‌ക്കാര സമര്‍പ്പണം, കാരുണ്യശ്രേഷ്ഠാ പുരസ്‌ക്കാര സര്‍പ്പണം, അമ്യൂസ്മെന്റ് പാര്‍ക്ക്, സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് സമര്‍പ്പണം, കര്‍ഷക സംഗമവും ആദരവ് സമര്‍പ്പണവും എന്നിവ ഉണ്ടാകും.
നൂറുകണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, കാര്‍ഷിക കലാ മത്സരങ്ങള്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക പ്രശ്നോത്തരിയും സെമിനാറുകളും, മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം, സ്വാശ്രയസംഘ കലാവിരുന്നുകള്‍, കെഎസ്എസ്എസ് വികസന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയ കാര്‍ഷിക മേളയോടനുബന്ധിച്ച് നടക്കും.
Be the first to comment