കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയെ ജില്ല ഹൃദയത്തോടു ചേർത്തപ്പോൾ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകർ നേടിയത് 3.06 കോടി രൂപയുടെ വരുമാനം. ഡിസംബർ 19 വരെയുള്ള കണക്ക് പ്രകാരം 2.68 കോടിയാണ് 245 പ്രദർശന വിപണ സ്റ്റാളുകളിൽ നിന്ന് മാത്രമുള്ള വരുമാനം. സരസിലെ ഭക്ഷണവൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് ലഭിച്ചത് 37.83 ലക്ഷം രൂപയാണ് ഭക്ഷ്യമേളയ്ക്ക് ലഭിച്ചത്.
മേള ആരംഭിച്ച ഡിസംബർ 15ന് 17.67 ലക്ഷവും 16ന് 40.38 ലക്ഷവും 17ന് 75.93 ലക്ഷവും 18ന് 92.76 ലക്ഷവും 19ന് 79.68 ലക്ഷവും രൂപയുടെ വിൽപ്പന വിവിധ സ്റ്റാളുകളിൽ നടന്നു. മേള പൊടിപൊടിച്ചത് ഞായറാഴ്ചയായിരുന്നു. 92,76,090 രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ 81,11,880 രൂപ പ്രദർശനസ്റ്റാളുകൾക്കും 11,64,210 രൂപ ഭക്ഷ്യമേളയ്ക്കുമാണ് ലഭിച്ചത്.
പ്രദർശനവിപണനസ്റ്റാളുകളിൽ സ്റ്റാറായത് എറണാകുളത്ത് നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളാണ് 4,60,515 രൂപയാണ് ഇതുവരെയുള്ള വരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ സ്റ്റാളുകളിൽ മഹാരാഷ്ട്രയിൽനിന്നുള്ള ഡ്രൈ ഫ്രൂട്ട്‌സിനും ജനങ്ങൾക്കിടയിൽ ഏറെ പ്രിയമുണ്ട്. 4,36,500 രൂപയാണ് ഇവർക്ക് ലഭിച്ചത്. മഹാരാഷ്ട്രയിലെ തുണിത്തരങ്ങൾക്കും ഉണക്കമുന്തിരിക്കും ആവശ്യക്കാരുണ്ട്. തൃശൂരിൽ നിന്നെത്തിയ കുടുംബശ്രീ വസ്ത്ര വിപണസ്റ്റാളുകൾക്കും മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്. 3,97,590 രൂപയാണ് ഇവരുടെ വരുമാനം. ആന്ധ്രാപ്രദേശിൽ നിന്നും തടികളിപ്പാട്ടങ്ങളും ക്രോഷ്യോ തുണിത്തരങ്ങളുമായെത്തിയ സംഘത്തിന് 2.29 ലക്ഷം രൂപ നേടാനായി. ഭക്ഷ്യമേളയിൽ ഗോളടിച്ചത് കണ്ണൂർ ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരാണ്, 5.7 ലക്ഷം രൂപയുടെ വിൽപ്പന നടത്തി. തൊട്ടുപിറകിൽ മലപ്പുറം 4.05 ലക്ഷം രൂപയുമായി രണ്ടാം സ്ഥാനത്തുണ്ട്. എറണാകുളത്ത് നിന്നുള്ള ജ്യൂസ് സെന്റർ നേടിയത് 2,94,800 രൂപയാണ്. ഇതരസംസ്ഥാനത്തുള്ള ഭക്ഷണങ്ങളിൽ കോട്ടയംകാർക്ക് പ്രിയം പഞ്ചാബി രുചിയാണ്. 2.11 ലക്ഷം രൂപയുടെ രുചിവിഭവങ്ങളാണ് ഇവിടെനിന്ന് വിറ്റുപോയത്. മേളയും രുചിയും മികവേറുമ്പോൾ, സ്റ്റാളുകളിലെ പണപ്പെട്ടികൾ നേട്ടം കൊയ്യുമ്പോൾ, കോവിഡ് നൽകിയ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സംരംഭകർക്ക് കൈത്താങ്ങായതിന്റെ സന്തോഷം മേളയുടെ സംഘാടകരായ ജില്ലാ കുടുംബശ്രീ മിഷനുമുണ്ട്. ജനങ്ങൾ വലിയ പിന്തുണയാണ് നൽകുന്നതെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ പറഞ്ഞു.
ഡിസംബർ 24 വരെയാണ് മേള. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. പ്രവേശനം സൗജന്യമാണ്.
Be the first to comment