കോട്ടയം : നിലവാരമുള്ള ജീവിതമാണു കോട്ടയംകാരുടേതെന്ന ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം വിലയിരുത്തുമ്പോൾ അഭിമാനിക്കാനും ഇനിയും മെച്ചപ്പെടാനും ഏറെ. ജീവിതനിലവാരം മുന്നിലെന്നതു രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധ നേടാനും സഹായകമാകും. കേരളത്തിൽ നിന്നുള്ള 7 നഗരങ്ങളിൽ ജീവിതനിലവാര റാങ്കിങ്ങിൽ തിരുവനന്തപുരത്തിനു തൊട്ടു താഴെയാണു കോട്ടയം. എന്നാൽ ആയിരം നഗരങ്ങളുടെ പട്ടികയിൽ 753-ാം സ്ഥാനം മാത്രമാണു നമുക്കുള്ളത്. തിരുവനന്തപുരത്തിന് 748-ാം സ്ഥാനമാണ്.
സാമ്പത്തികം, മനുഷ്യമൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തി തയാറാക്കിയ മൊത്തം റാങ്കിങ്ങിൽ കോട്ടയം 649-ാം സ്ഥാനത്താണ്. അതേ സമയം കൊച്ചി (521), തൃശൂർ (550), കോഴിക്കോട് (580) എന്നിവ കോട്ടയത്തിനു മുന്നിലുണ്ട്. എന്നാൽ ഇത്രയേറെ മരങ്ങളും പച്ചപ്പും എല്ലാം ഉണ്ടായിട്ടും പരിസ്ഥിതി റാങ്കിങ്ങിൽ കോട്ടയം ദുബായ് നഗരത്തെക്കാൾ 60 പോയിന്റ് പിന്നിലാണ്. സൗദിയിലെ റിയാദ് പട്ടണം കോട്ടയത്തെക്കാൾ 40 പോയിന്റ് പിന്നിലാണ്. യുഎൻഡിപിയുടെ പഠനപ്രകാരം ദാരിദ്ര്യം തീരെ ഇല്ലാത്ത ഇന്ത്യയിലെ ഏകപട്ടണം എന്ന പെരുമ മുൻപു തന്നെ കോട്ടയം നേടിയിട്ടുണ്ട്.
സംസ്ഥാനത്ത് ആയുർദൈർഘ്യം 1980കളിലെ 59 വയസ്സിൽ നിന്ന് 75 ആയതായി പഠനങ്ങളുണ്ട്. ഇക്കാര്യത്തിൽ കോട്ടയവും പിന്നിലല്ല. കോട്ടയം–എറണാകുളം ഇരട്ടപ്പാത യാഥാർഥ്യമായെങ്കിലും അതിന്റെ പ്രയോജനം യാത്രക്കാർക്കു പൂർണമായും ലഭിക്കുന്നില്ല.കോട്ടയം റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ, മെമു ട്രെയിനുകൾക്കായി പുതിയ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ഇപ്പോഴും വന്നിട്ടില്ല. കോട്ടയത്തു നിന്നു നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള മേഖലയിലേക്കു പരമാവധി ഒന്നര മണിക്കൂറാണു യാത്രാദൂരം.
രാജ്യത്തെ തന്നെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നു പ്രതീക്ഷിക്കുന്ന വിമാനത്താവളം കോട്ടയത്തിന് എക്സ്ട്രാ മൈൽ സമ്മാനിക്കും. കോട്ടയത്തിന്റെ രാജ്യാന്തര യാത്രകൾക്കു തൊട്ടടുത്തു സ്ഥലമാകും എന്നതാണു പ്രത്യേകത.
Be the first to comment