പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടം ‘ചിരട്ട’ എന്ന പേരിൽ കർമ്മപരിപാടിക്ക് തുടക്കമായി. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഓഗസ്റ്റ് 27 വരെ അഞ്ചാഴ്ചത്തേക്കാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.
ഈഡിസ് കൊതുകുകൾ മുട്ടയിടുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫീസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കം ചെയ്ത് അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യുന്നതാണ് പരിപാടി. ഇതിനായി കോട്ടയം നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ (എൻ.ഐ.സി.)യുടെ നേതൃത്വത്തിൽ Kottayam Challenge എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ഫോൺ നമ്പർ അഥവാ ഇ-മെയിൽ വിലാസം നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന് ആപ്പിലൂടെ കൊതുകിന്റെ ഉറവിടങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപും അതിനുശേഷവുമുള്ള ഫോട്ടോകളാണ് അപ് ലോഡ് ചെയ്യേണ്ടത്. പരിപാടിയിൽ മികച്ച നിലയിൽ പങ്കാളികളാകുന്ന വിദ്യാലയങ്ങൾ, കടകൾ, ഓഫീസുകൾ, തോട്ടങ്ങൾ, വാർഡുകൾ എന്നിവയ്ക്ക് ജില്ലാതലത്തിൽ പുരസ്‌കാരങ്ങൾ നൽകും. സ്‌കൂളുകളിൽ വെള്ളിയാഴ്ചയും ഓഫീസുകൾ, കടകൾ, തോട്ടങ്ങൾ എന്നിവയിൽ ശനിയാഴ്ചയും വീടുകളിൽ ഞായറാഴ്ചയും കൊതുക് ഉറവിടങ്ങൾ നീക്കം ചെയ്ത് ഫോട്ടോകൾ അയയ്ക്കാം. അഞ്ചാഴ്ചയിലും കൃത്യമായി പ്രവർത്തനം നടത്തി ഫോട്ടോ അയയ്ക്കുന്നവരിൽ നിന്ന് മികച്ചവരെ കണ്ടെത്തിയാണ് പുരസ്‌കാരം നൽകുക.
Be the first to comment