
അതിരമ്പുഴ: ലോക കാഴ്ച ദിനത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ച് നടന്നു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, ആരോഗ്യ കേരളത്തിന്റെയും, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ലോക കാഴ്ചദിനാചരണം നടത്തിയത്.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത ലാലുമോൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം ജോസ് അമ്പലക്കുളം, ജില്ലാ മെഡിക്കൽ ഓഫീസ് മാസ്സ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ പ്രീതി എ. സലാം, എൻ പി സി ബി ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ബിൻസി ടി കെ, അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാഴ്ചയുടെയും നേത്ര സംരക്ഷണത്തിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്നതിനും അന്ധതയിലേക്കു നയിക്കാവുന്ന രോഗങ്ങളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നതിനുമുള്ള സന്ദേശവും ബോധവത്ക്കരണവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.
“നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക-പണിയിടങ്ങളിലും” എന്നതാണ് ഈ വർഷത്തെ കാഴ്ചദിന സന്ദേശം. ജോലി സ്ഥലങ്ങളിലെ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
കാഴ്ചദിനാചരണതോടനുബന്ധിച്ചു പൊതു സമ്മേളനം, നേത്ര പരിശോധനക്യാമ്പ്, നേത്രാരോഗ്യ ബോധവത്ക്കരണ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിച്ചു.
Be the first to comment