കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌ കോട്ടയം; ഒപ്പം ഇടിയും മിന്നലും

കോട്ടയം: കൂടിയും കുറഞ്ഞും പെയ്യുന്ന മഴയിൽ വിറങ്ങലിച്ച്‌  കോട്ടയം. താത്‌കാലിക ആശ്വാസം നൽകി ഇടയ്ക്ക്‌ കുറയുന്നുണ്ടെങ്കിലും തുടർന്ന്‌ എത്തുന്ന അതിശക്തമായ മഴ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്‌. മഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടിയായതോടെ വ്യാപക നാശത്തിനൊപ്പം ഭീതിയും വിട്ടൊഴിയുന്നില്ല. 

ശനിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ 141.4 മില്ലി മീറ്റർ മഴയാണ്‌ കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പെയ്തത്‌. ഈരാറ്റുപേട്ട 122, പാമ്പാടി 112.2, തിക്കോയി 110, പൂഞ്ഞാർ 102.5, വടവാതൂർ 102.5, കോഴാ 76, മുണ്ടക്കയം 72.8, കുമരകം 68 മില്ലി മീറ്റർ മഴയും ലഭിച്ചു. ഇതോടെ വെള്ളമിറങ്ങി തുടങ്ങിയ പടിഞ്ഞാറൻ മേഖല വീണ്ടും പ്രളയഭീതിയിലായി. ശനിയാഴ്ച വൈക്കത്താണ്‌ ശക്തമായ മഴ ലഭിച്ചത്‌. ഒരു മണിക്കൂറിൽ 47 മില്ലി മീറ്റർ മഴയാണ്‌ മേഖലയിൽ പെയ്തത്‌. ഇതോടെ ഉദയാനപുരം, തലയാഴം, ടിവി പുരം, വെച്ചൂർ പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു.

അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*