ഷൈനി വായ്പ എടുത്തത് നോബിയുടെ പിതാവിന്റെ ചികിത്സയ്ക്ക്; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തൽ

ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ മക്കളോടൊപ്പം കൂട്ട ആത്മഹത്യ ചെയ്ത ഷൈനി വായ്പ എടുത്തത് ഭർത്താവ് നോബിയുടെ പിതാവിൻറെ ചികിത്സയ്ക്കാണെന്ന് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തെങ്കിലും നോബിയുടെ കുടുംബം തിരിച്ചടവിന് തയ്യാറായില്ല.

ഷൈനിയുടെ പേർക്ക് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുമെന്നാണ് നോബി പറഞ്ഞതെന്ന് കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു  പറഞ്ഞു.

ഭർതൃ പിതാവിന്റെ ചികിത്സയ്ക്കായി മൂന്ന് ലക്ഷത്തിലധികം രൂപയാണ് ഷൈനി പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്ന് വായ്പഎടുത്തത്. 9 മാസം മുമ്പ് നോബിയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ തിരിച്ചടവ് മുടങ്ങി.

കുടുംബശ്രീ അംഗങ്ങൾ പണം ആവശ്യപ്പെട്ടതോടെ ഭർത്താവ് നോബിയിൽ നിന്ന് വാങ്ങാൻ ഷൈനി ആവശ്യപ്പെട്ടു. എന്നാൽ ഇതിന് നോബി തയ്യാറാകാതിരുന്നതോടെ കുടുംബശ്രീ അംഗങ്ങൾ പൊലീസിൽ പരാതി നൽകി. മധ്യസ്ഥ ചർച്ചയ്ക്കായി ഷൈനിയുടെയും നോബിയുടെയും കുടുംബങ്ങളെയും കുടുംബശ്രീ അംഗങ്ങളെയും പൊലീസ് വിളിപ്പിച്ചെങ്കിലും പണം തിരിച്ചടയ്ക്കില്ല എന്നായിരുന്നു നോബിയുടെ നിലപാട്.

ഒരു ലക്ഷത്തി ഇരുപത്താറായിരം രൂപയാണ് ഷൈനിയുടെ പേരിൽ എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാൻ ഉള്ളത്. ഷൈനി മരിച്ചതോടെ വായ്പാത്തുക എങ്ങനെ കിട്ടും എന്നറിയാത്ത പ്രതിസന്ധിയിലാണ് പുലരി കുടുംബശ്രീ യൂണിറ്റ്.

Be the first to comment

Leave a Reply

Your email address will not be published.


*