കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം 6 നിയമസഭാമണ്ഡലങ്ങളിൽ

കോട്ടയം : സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ ഇത്തവണത്തെ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന് ഒപ്പം നിന്നു.  കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവൻ മുന്നിൽ നിന്ന വൈക്കം ഇക്കുറി എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ തുണച്ചു.

നിലവിൽ യുഡിഎഫ് എംഎൽഎമാരുള്ള കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം മണ്ഡലങ്ങളിൽ ഫ്രാൻസിസ് ജോർജിന് ഒരു ഭീഷണിയും നേരിടേണ്ടി വന്നില്ല. 69,072 വോട്ടിന്റെ ഭൂരിപക്ഷം ഈ 4 മണ്ഡലങ്ങളുംകൂടി ഫ്രാൻസിസ് ജോർജിനു നൽകി. എൽഡിഎഫിൽ എത്തിയ ശേഷമുള്ള രണ്ടാം തിരഞ്ഞെടുപ്പിലും പാലാ നിയമസഭാ മണ്ഡലത്തിൽ കേരള കോൺഗ്രസിന് (എം) മുന്നേറാൻ സാധിച്ചില്ല. 12,465 വോട്ടിന് പാലാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് ലീഡ് ചെയ്തു.

പാർലമെന്റിലെ ഇടതു മുന്നണിയുടെ ഒരു തരി കനലായി വൈക്കം മണ്ഡലം തുടരുന്നു. തോമസ് ചാഴികാടൻ ലീഡ് ചെയ്ത ഏക മണ്ഡലവും വൈക്കമാണ്. ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കുറി കെ.ഫ്രാൻസിസ് ജോർജ് 9,610 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 8,445 വോട്ടിന്റെ ഭൂരിപക്ഷവും മറികടന്നാണ് ഇക്കുറി ഏറ്റുമാനൂർ യുഡിഎഫ് പിടിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*