കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ നാളെ മുഖ്യമന്ത്രി നാടിനു സമർപ്പിക്കും

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വൈദ്യുതി വിതരണരംഗത്ത് മാറ്റം സൃഷ്ടിക്കുന്ന കെ.എസ്.ഇ.ബി.യുടെ കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി. സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നാടിനു സമർപ്പിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും.

കിഫ്ബി ഫണ്ടിൽ നിന്ന് 152 കോടി രൂപ ചെലവഴിച്ചാണ് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയറുള്ള സംസ്ഥാനത്തെ ആദ്യ 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട്ട് യാഥാർഥ്യമാക്കിയത്. തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെ.വി. അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കുന്നതിന് സബ്സ്റ്റേഷൻ സഹായിക്കും. 400 കെ.വി. പ്രസരണലൈനിലൂടെ വൈദ്യുതി സ്വീകരിച്ച് 220 കെ.വി. ആക്കി വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യാനാകും. ഇതിനായി 400 കെ.വി.യുടെ നാലു ഫീഡറുകളും 315 എം.വി.എ. യുടെ രണ്ടു ട്രാൻഫോമറുകളും 220 കെ.വി.യുടെ ആറു ഫീഡറുകളും സജ്ജമാക്കിയിട്ടുണ്ട്. പള്ളം, ഏറ്റുമാനൂർ, അമ്പലമുകൾ എന്നീ 220 കെ.വി. സബ്‌സ്‌റ്റേഷനുകളിൽ വൈദ്യുതിയെത്തിച്ചാണ് വിതരണം ചെയ്യുക. ഏറ്റുമാനൂർ- രണ്ട്, പള്ളം- ഒന്ന്, ആലപ്പുഴ തുറവൂർ- രണ്ട്, എറണാകുളം അമ്പലമുകൾ- ഒന്ന് എന്നിങ്ങനെയാണ് ഫീഡറുകൾ ഒരുക്കിയിരിക്കുന്നത്. തുറവൂരിൽ സബ്‌സ്‌റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയ്ക്കും പ്രയോജനം ലഭിക്കും. മൂന്നു ജില്ലകളിലെ വോൾട്ടേജ് ക്ഷാമപ്രശ്‌നങ്ങൾക്കും പരിഹാരമാകും.

സബ്‌സ്‌റ്റേഷനോടനുബന്ധിച്ചുള്ള 400 കെ.വി. ലൈനുകളും ഏറ്റുമാനൂർ, തുറവൂർ 220 കെ.വി. സബ്‌സ്‌റ്റേഷനുകൾ, കുറവിലങ്ങാട്, വൈക്കം, തൈക്കാട്ടുശേരി 110 കെ.വി. സബ്‌സ്‌റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന 70 സർക്യൂട്ട് കിലോമീറ്റർ 220/110 കെ.വി. മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേഡ് ലൈനുകളും പൂർത്തീകരിച്ചിട്ടുണ്ട്.

പരിപാലനച്ചെലവും തടസസാധ്യതകളും കുറഞ്ഞ ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ (ജി.ഐ.എസ്) സാങ്കേതികവിദ്യയിലൂടെയാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷന്റെ നിർമാണം. പരമ്പരാഗത സബ്‌സ്‌റ്റേഷന് ആവശ്യമായതിന്റെ 40 ശതമാനം സ്ഥലമേ ഇതിന് ആവശ്യമായി വരുന്നുള്ളൂ. 13.51 ഏക്കർ ഭൂമിയിലാണ് കോട്ടയം ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്‌റ്റേഷൻ നിർമിച്ചത്. 2020 ഒക്‌ടോബർ അഞ്ചിന് മുഖ്യമന്ത്രിയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*