കോട്ടയം ഗവ. മെഡിക്കൽ കോളജിൽ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ഗാന്ധിനഗർ :  കോട്ടയം ഗവ. മെഡിക്കൽ കോളജിൽ പൂർവ വിദ്യാർഥികൾ നിർമിച്ചു നൽകുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5നു നടക്കും.

1986 ബാച്ച് നിർമിച്ച നൽകുന്ന ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം,സെൻട്രൽ ലൈബ്രറി ( 82, 87 ബാച്ചുകൾ), നാരായണ അയ്യർ ഹാൾ( 1967), കെ.മാധവൻ നായർ ഹാൾ (1971), സ്റ്റേജ് (1978), ജെ.എസ്.സത്യദാസ് ഇടം (1970), കെ.ജെ.ജേക്കബ് ഇടം (1975), ഷട്ടിൽ കോർട്ട് (കെജിഎംസിഎഫ്3), വോളിബോൾ കോർട്ട് (1994) എന്നിങ്ങനെ 2 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.

അലമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസ് ടോം അധ്യക്ഷത വഹിക്കും. ഡയമണ്ട് ജൂബിലി ഓഡിറ്റോറിയം, ഹാളുകൾ, ഇടങ്ങൾ എന്നിവ ഡോ. മാത്യു പാറയ്ക്കൽ സെൻട്രൽ ലൈബ്രറി ഡോ. ജോർജ് ജേക്കബ്, കലാസന്ധ്യ ഡോ. പിജിആർ പിള്ള, മെമ്മറി വോൾ ഡോ. എ.വിജയലക്ഷ്മി, ഷട്ടിൽ കോർട്ട് ഡോ. ശോഭന മോഹൻദാസ്, വോളിബോൾ കോർട്ട് ഡോ. ജോർജ് മാത്യു എന്നിവർ ഉദ്ഘാടനം ചെയ്യും.

തുടർന്ന് കലാസന്ധ്യയിൽ കോളജ് ബാൻഡ്, ഡോ. വി.എൽ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും ജീവനക്കാരുടെയും പൂർവ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഗ്രൂപ്പ് ഡാൻസും അരങ്ങേറും. വജ്ര ജൂബിലി ജനറൽ കൺവീനർ ഡോ. ടിജി തോമസ് ജേക്കബ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവർ നേതൃത്വം വഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*