കോട്ടയത്തിന് കാഴ്ച വസന്തം തീർത്ത രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

കോട്ടയം: ലോക സിനിമയുടെ വിസ്മയ കാഴ്ചകളുമായി അഞ്ചു ദിവസം ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തം കൊണ്ടും സജീവമായിരുന്നു മേള. 

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അനശ്വര തിയറ്ററിൽ നടന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.  കോട്ടയത്തെ രാജ്യാന്തര ചലച്ചിത്രമേള ജനപങ്കാളിത്തം കൊണ്ട് ഒരു ചരിത്രമായിരുന്നുവെന്നു എം.എൽ. എ പറഞ്ഞു.  തുടർന്ന് ചലച്ചിത്ര പ്രേമികൾ വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്ക് പറത്തി വിട്ടു. 

വരും വർഷങ്ങളിലും കോട്ടയത്തെ രാജ്യാന്തര മേളയുടെ  സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് , സംവിധായകരായ ജയരാജ്, പ്രദീപ് നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ , ഛായാഗ്രഹകരായ വിനോദ് ഇല്ലമ്പള്ളി, നിഖിൽ എസ്. പ്രവീൺ, ഫൗസിയ ഫാത്തിമ , ചലച്ചിത്ര അക്കാദമി നിർവാഹക സമിതി അംഗം പ്രകാശ് ശ്രീധർ , ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി,സംഘാടക സമിതി കോ – ഓർഡിനേറ്റർ സജി കോട്ടയം, പി.കെ. ആനന്ദക്കുട്ടൻ , രാഹുൽ രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

കോട്ടയത്തിന് പുറമേ സമീപ ജില്ലകളിൽനിന്നും നിരവധി ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറങ്ങളിലും ചലച്ചിത്ര പ്രേമികളുടേയും വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സമാപന ചിത്രമായി ഇറാനിയൻ സിനിമ ജാഫർ പനാഹിയുടെ ‘നോ ബിയേഴ്‌സ്’ പ്രദർശിപ്പിച്ചു.

ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. മലയാള ചലച്ചിത്രങ്ങളും മേളയിൽ മികച്ച പ്രതികരണം നേടി. 

കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് അനശ്വര, ആഷ തിയേറ്ററുകൾ, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലായി  ചലച്ചിത്രമേള സംഘടിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*