കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ചെയ്തു. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി. കെ. ജയശ്രീ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
ഫെസ്റ്റിവൽ സംഘാടക സമിതി കൺവീനറും സംവിധായകനുമായ പ്രദീപ് നായർ, പ്രശസ്ത ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ, ജില്ലാ ഇൻഫമേഷൻ ഓഫീസർ എ. അരുൺ കുമാർ, ചലച്ചിത്ര അക്കാദമി റീജണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട്, സംഘാടകസമിതിയംഗങ്ങളായ തേക്കിൻകാട് ജോസഫ്, കോട്ടയം പത്മൻ, വി. ജയകുമാർ, രാഹുൽ രാജ്, അമിത് പി. മാത്യു, അസിസ്റ്റന്റ് എഡിറ്റർ ജസ്ലിൻ മരിയ ജോസ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പങ്കെടുത്തു.
അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ്. കോളജ് തീയറ്ററിലുമായി അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ് ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.
Be the first to comment