കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രമേള; സംഘാടക സമിതി രൂപികരിച്ചു

ഈ വർഷത്തെ ചലച്ചിത്രമേളകൾക്ക് കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയൊടെ തുടക്കമാവുകയാണ്. ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചലച്ചിത്രമേള. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമാ വിഭാഗങ്ങളിലായി നാൽപതു സിനിമകൾ പ്രദർശിപ്പിക്കും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്ത സിനിമകളാണ് കോട്ടയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ ചേർന്ന യോഗം ബഹു. സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായ മേളയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മന്ത്രി വി. എൻ. വാസവൻ എന്നിവർ സഹരക്ഷാധികാരികളായ വിപുലമായ സംഘാടക സമിതി ചുമതല ഏറ്റെടുത്തു. കോട്ടയം ഫിലിം സൊസൈറ്റി അധ്യക്ഷനും, സംവിധായകനുമായ ജയരാജാണ് ഫെസ്റ്റിവൽ സമിതി ചെയർമാൻ. കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറിയും സംവിധായകനുമായ പ്രദീപ് നായരാണ് ഫെസ്റ്റിവൽ കൺവീനർ.

കേരള ചലച്ചിത്ര അക്കാദമി കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും നിരക്ക്. ഓൺലൈനായും ഓഫ് ലൈനായും രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*