വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന് കോട്ടയം

കോട്ടയം: വേനൽമഴ ശക്തി പ്രാപിച്ചതോടെ മഴയിൽ കുതിർന്ന്‌ കോട്ടയം. ബുധനാഴ്ച ജില്ലയിലാകെ കനത്ത മഴ ലഭിച്ചു. രാവിലെ മടിച്ചുനിന്ന മഴ വൈകിട്ടോടെ അതിശക്തമായി. ഇതോടെ പ്രധാന റോഡുകളിൽ ഉൾപ്പെടെ മഴവെള്ളം നിറഞ്ഞു. കുമരകം, വൈക്കം മേഖലയിൽ അതിശക്തമായ മഴയാണ്‌ ലഭിച്ചത്‌. ഓറഞ്ച്‌ അലർട്ടാണ്‌ ജില്ലയിൽ ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ വൈകിട്ടോടെ റെഡ്‌ അലർട്ടായി ഉയർത്തുകയായിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ്‌ സൂചന. വെള്ളി, ശനി ദിവസങ്ങളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയുടെ അടിസ്ഥാനത്തിൽ വേനൽമഴയുടെ അളവിലും ജില്ലയ്‌ക്ക്‌ കുതിപ്പുണ്ടായി. ലഭിക്കേണ്ട വേനൽമഴയേക്കാൾ കൂടുതലാണ്‌ ഇത്തവണ ജില്ലയിൽ ലഭിച്ചത്‌. മാർച്ച്‌ ഒന്ന്‌ മുതൽ മേയ്‌ 22 വരെയുള്ള കണക്ക്‌ പ്രകാരം 378.3 മില്ലി മീറ്റർ മഴ കോട്ടയത്ത്‌ ലഭിച്ചു. 342.9 ശതമാനം ലഭിക്കേണ്ടിടത്താണിത്‌. 

Be the first to comment

Leave a Reply

Your email address will not be published.


*