പരാജയത്തിന് കാരണം മുഖ്യമന്ത്രിയെന്ന് തോമസ് ചാഴികാടൻ

കോട്ടയം: തന്റെ പരാജയത്തിന് മുഖ്യമന്ത്രിയും കാരണമെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രി മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കോട്ടയത്തെ തോൽവിക്ക് ആക്കം കൂട്ടിയത് മുഖ്യമന്ത്രിയുടെ നിലപാടുകൾ കൂടിയാണ്. പാലായിൽ വച്ച് നടന്ന നവകേരള സദസ്സിൽ തന്നെ പരസ്യമായി ശകാരിച്ചതും തോൽവിക്ക് കാരണമായി. കിട്ടേണ്ട പല സിപിഐഎം വോട്ടുകളും ലഭിച്ചിട്ടില്ല. അതെങ്ങനെ മാറിപ്പോയി എന്നതും വിശദമായി അന്വേഷിക്കണം. കനത്ത തോൽവി നേരിട്ട സ്ഥിതിക്ക് ഇനി താൻ എന്തിന് ഇതൊക്കെ മറച്ചു വയ്ക്കണം എന്നാണ് ചാഴികാടൻ യോഗത്തിൽ ചോദിച്ചത്.

അതേസമയം പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം മറ്റു മുതിർന്ന നേതാക്കൾ സിപിഐഎമ്മിനെ വിമർശിക്കാൻ തയ്യാറായില്ല. തോൽവിക്ക് കൂട്ടുത്തരവാദിത്തം ആണെന്നും അതിനു മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്നുമായിരുന്നു പാർട്ടി യോഗത്തിൽ ഇവരുടെ നിലപാട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം അവരുടെ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയ സാഹചര്യത്തിൽ കൂടിയായിരുന്നു പാർട്ടി ചെയർമാന്റെയടക്കം ഈ മലക്കം മറിച്ചിൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ രൂക്ഷവിമർശനമാണ് പാർട്ടിയിൽ നിന്നുപോലും ഉയരുന്നത്. സിപിഐഎം സംസ്ഥാന സമിതിയിലടക്കം മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് വിമർശനമുണ്ടായി. മുഖ്യമന്ത്രിയുടെയും ഇ പി ജയരാജന്റെയും എ കെ ബാലന്റെയും എം വി ഗോവിന്ദന്റെയും പേരെടുത്ത് പറഞ്ഞാണ് സമിതി അംഗങ്ങളുടെ വിമര്‍ശനം. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്തിന് കണ്ടെന്ന് വിശദീകരണമെന്ന ആവശ്യം ഉയര്‍ന്നു. കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും ഇക്കാര്യം ആവശ്യപ്പെട്ടു.

മാതൃക കാണിക്കേണ്ടവര്‍ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും വിമര്‍ശനമുണ്ടായി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ രേഖയില്‍ പ്രതികരണങ്ങളിലും മറ്റും ജാഗ്രത പുലര്‍ത്തണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. ഈ തീരുമാനം തങ്ങളോട് പറഞ്ഞത് ആരാണ്. നേതൃത്വം അല്ലേ?. അങ്ങനെ പറഞ്ഞ നേതാക്കള്‍ തന്നെ തീരുമാനം ലംഘിച്ചു അതാണ് വിവാദങ്ങള്‍ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രിയുടെ പേരെടുത്തു പറഞ്ഞ് സമിതി അംഗങ്ങൾ വിമർശിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*