കനത്ത മഴയിൽ മാർമല അരുവി രൗദ്രഭാവം പൂണ്ടതോടെ വിനോദസഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് നിർദേശം. അപകടസാധ്യത ഏറെയുള്ള ഇവിടെ കഴിഞ്ഞ നാലുവർഷത്തിനിടയിൽ നിരവധി മനുഷ്യജീവനുകൾ പൊലിഞ്ഞു. ശക്തമായ വെള്ളച്ചാട്ടം മൂലം പാറ കുഴിഞ്ഞുണ്ടായതാണ് അരുവിയിലെ തടാകം. 30 അടിവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടതാണ് തടാകം.
മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽനിന്നു താഴേയ്ക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിയ്ക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ വളരെയധികം സഞ്ചാരികൾ ഇവിടയെത്തുന്നുണ്ട്. യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്. തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.
പാറയ്‌ക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കടുപ്പവും തണുപ്പും നീന്താനിറങ്ങന്നവർക്ക് അസ്വസ്ഥതയുണ്ടാക്കും. ശക്തമായ തണുപ്പിൽ കൈകാലുകൾ കോച്ചിപ്പിടിക്കുന്നതും കുഴയുന്നതുമാണ് അപകടത്തിന് കാരണമാകുന്നത്. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാ ബോർഡുകൾ അവഗണിക്കുന്നതും അപകടകാരണമാകുന്നു. അരുവിയുടെ സമീപപ്രദേശത്ത് ആൾത്താമസം കുറവുള്ളതും അപകടത്തിൽപ്പെടുന്നവർക്ക് സഹായം കിട്ടുന്നതിന് താമസം വരുന്നുണ്ട്.
Be the first to comment