
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ളം കിട്ടാക്കനി. വിവിധ ചികിത്സക്കായ് നിരവധി വാർഡുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്.ഈ വാർഡുകളിൽ നുറുകണക്കിനു രോഗികളാണ് ചികിത്സയിലുള്ളത്. ഇതിനു പുറമെ ഒപിയിലും ദിവസേന ആയിരകണക്കിന് രോഗികളാണ് എത്തുന്നത്.
ഇടുക്കി,കോട്ടയം,പത്തനംതിട്ട,ആലപ്പുഴ തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നാണ് രോഗികൾ ഇവിടെ ചികിത്സ തേടുന്നത്. എന്നാൽ രോഗികൾക്ക് കുടിക്കുന്നതിനുള്ള ശുദ്ധമായ കുടിവെള്ളം ഇവിടെ കിട്ടാക്കനിയാണ്.രണ്ടാം വാർഡിനും മൂന്നാം വാർഡിനും സമീപത്തായി മുമ്പ് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിരുന്നെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ല. ഒപിയിൽ എത്തുന്ന രോഗികൾക്കായി ഒപി ടിക്കറ്റ് എടുക്കുന്ന സ്‌ഥലത്തും ശുദ്ധജല ജാർ വച്ചിരുന്നെങ്കിലും ഇതും പ്രവർത്തന രഹിതമാണ്. പ്രധാന മരുന്ന് വിതരണ കേന്ദ്രത്തിന് സമീപത്ത് വാട്ടർ എടിഎം സംവിധാനം ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
ഇത്തരത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ്.നിലവിൽ ബാത്‌റൂമിലെ പൈപ്പ് വെള്ളമാണ് പാത്രം കഴുകുന്നത്തിനും മറ്റും ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്.ഇരുപതു രൂപ മുടക്കി കുപ്പിവെള്ളം വാങ്ങുന്നവരാണ്ഏറെയും.കൈയിൽ കാശില്ലാത്തവർ കടുത്ത ക്ലോറിൻ ചുവയുള്ള പൈപ്പുവെള്ളം കുടിക്കണം. ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടുന്ന മെഡിക്കൽ കോളേജിൽ ശുദ്ധമായ കുടിവെള്ളം ഏർപ്പെടുത്താൻ അടിയന്തിര നടപടി വേണമെന്ന അവശ്യം ശക്തമാണ്.
Be the first to comment