കോട്ടയം: 2022 മാർച്ചിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പദ്ധതിയിലൂടെ ലാപ്രോസ്കോപ്പിക് സർജറി ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ 1000 മേജർ ഓപ്പറേഷനുകൾ പൂർത്തിയാക്കിയാണ് സർജറി വിഭാഗം മികവ് തെളിയിച്ചത്. ലാപ്രോസ്‌കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നിലവിലുള്ള സര്‍ജന്‍മാര്‍ തന്നെയാണ് ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി രോഗികള്‍ക്ക് സാന്ത്വനമായത്.
പദ്ധതിയിൽ നിയമിക്കപ്പെട്ട അനസ്‌തേഷ്യോളജിസ്റ്റ്മാര്‍, നഴ്‌സുമാര്‍ മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെ സഹായത്തോടെ ഹെർണിയ, നെഞ്ചിലും അടിവയറ്റിലും ആഴത്തിലുള്ള മുഴകള്‍, അന്നനാളം, ആമാശയം എന്നിവയിലെ ക്യാൻസർ നീക്കം ചെയ്യല്‍ ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ പൂര്‍ത്തീകരിച്ചാണ് ജനറൽ സർജറി വിഭാഗം അഭിമാനകരമായ നേട്ടം കൈവരിച്ചത്.
രോഗിയുടെ ശരീരത്തിൽ ചെറിയ മുറിവുകളിലൂടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സങ്കീര്‍ണ ശസ്ത്രക്രിയാ രീതിയാണ് ലാപ്രോസ്കോപ്പിക് സർജറി. പരമ്പരാഗത ഓപ്പൺ സർജറിക്ക് പകരമായി ഇത് സുരക്ഷിതവും വേദനയില്ലാത്തതുമായ ഒരു ബദൽ രീതിയാണ്. ദിവസങ്ങൾക്കുള്ളിൽ സാധാരണ ജോലികളിലേക്ക് മടങ്ങിയെത്താൻ രോഗിക്ക് സാധിക്കും എന്നതാണ് ലാപ്രോസ്കോപ്പിക് സർജറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഡോക്ടർമാരുടേയും നഴ്സുമാരുടേയും മറ്റ് ജീവനക്കാരുടേയും അർപ്പണബോധത്തിന്റെയും അധികാരികളുടെ അകമഴിഞ്ഞ സഹകരണവും ഈ നേട്ടം കൈവരിക്കാൻ ഏറെ നിര്‍ണായകമായി എന്ന് ജനറല്‍ സര്‍ജറി മേധാവി ഡോ.വി അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, പ്രിൻസിപ്പൽ ഡോ.എസ് ശങ്കർ എന്നിവർ പറഞ്ഞു.
Be the first to comment