
കോട്ടയം: 24 വയസുകാരനായ യുവാവിന്റെ ശരീരത്തിൽ നിന്ന് 43 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്ത് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം ആനിക്കാട് സ്വദേശിയായ ജോ ആന്റണിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. പല വമ്പൻ ആശുപത്രിയും കയ്യൊഴിഞ്ഞപ്പോഴാണ് കോട്ടയം മെഡിക്കൽ കോളജ് വെല്ലുവിളി ഏറ്റെടുത്ത് 24കാരന് പുതുജീവൻ നൽകിയത്. ആരോഗ്യരംഗത്തു തന്നെ അപൂർവ നേട്ടമാണ് ഇത്.
ചെന്നൈയിൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ് നാല് വർഷം മുൻപാണ് ട്യൂമർ കണ്ടുതുടങ്ങിയത്. പിന്നീടു കാൻസറാണെന്നു കണ്ടെത്തി. കീമോതെറപ്പി തുടങ്ങി. ശ്വാസകോശത്തിന്റെയും നെഞ്ചിന്റെയും ഭാഗത്തായതിനാൽ എടുത്തുകളയാൻ കഴിയാതെ വന്നു. ട്യൂമർ പെട്ടെന്നു വളർന്നതോടെ യുവാവിനു ബുദ്ധിമുട്ടാവുകയായിരുന്നു. നെഞ്ചിന്റെ ഭിത്തിയിൽ നിന്നാരംഭിച്ച ട്യൂമർ തലയുടെ ഒരു വശം വരെ എത്തിയതോടെ നടക്കാനോ കൈ അനക്കാനോ കഴിയാത്ത അവസ്ഥയായി.
പല ആശുപത്രികളിലും പോയെങ്കിലും ജീവന് ഭീഷണിയുള്ളതിനാൽ ട്യൂമർ നീക്കാൻ പലരും തയ്യാറായില്ല. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിനെ കാണുന്നത്. വളരെയധികം അപകട സാധ്യതയുണ്ടെങ്കിലും അതേറ്റെടുത്ത് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 25നാണ് 12 മണിക്കൂർ നീണ്ടു ശസ്ത്രക്രിയ നടത്തിയത്. 20 ലീറ്റർ ദ്രാവകവും 23 കിലോ മാംസവുമുള്ള ട്യൂമറാണ് യുവാവിന്റെ ശരീരത്തിൽ നിന്ന് നീക്കിയത്. ഇതോടൊപ്പം ട്യൂമർ ബാധിച്ച ഇടതു ശ്വാസകോശവും നീക്കം ചെയ്യേണ്ടിവന്നു.
ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. നിധീഷ്, ഡോ. വിനീത, പ്ലാസ്റ്റിക് സർജറി മേധാവി ഡോ. ലക്ഷ്മി, ഡോ. ആതിര, അനസ്തീസിയ വിഭാഗം ഡോ. സഞ്ജീവ് എന്നിവരടങ്ങുന്ന സംഘമാണു ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ആശുപത്രി വിട്ടു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
Be the first to comment