കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജിൽ പാസ് നൽകാൻ ജീവനക്കാരെത്തിയില്ല; പ്രതിഷേധം

കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാനെത്തിയവർക്ക് പാസ് നൽകേണ്ട കൗണ്ടറിൽ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാർഡിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ സന്ദർശനത്തിന് എത്തിയവർ പ്രതിഷേധമുയർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്ക് തർക്കവും ബഹളവുമുണ്ടായി. 

വൈകീട്ട് ഏഴ് മുതൽ എട്ടുവരെ 50 രൂപയാണ് രോഗി സന്ദർശന ഫീസ്. ഏഴിന് എത്തിയ സന്ദർശകർ പാസ് എടുക്കുന്നതിന് കൗണ്ടറിന് മുന്നിൽ പോയി വരിനിന്നു. ഏറെനേരം കാത്തുനിന്നിട്ടും കൗണ്ടറിൽ ആളെത്താത്തതിനെ തുടർന്ന് സന്ദർശകർ പ്രവേശനക വാടത്തിൽ നിന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ കാര്യമാക്കിയില്ല. സന്ദർശകരുടെ എണ്ണം വർധിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കൗണ്ടറിൽ ചെന്ന് അന്വേഷിച്ചപ്പോഴാണ് പാസ് നൽകേണ്ട കൗണ്ടർ തുറന്നിട്ടില്ലെന്ന് മനസ്സിലായത്. ഇതിനിടെ സന്ദർശകരെ പാസില്ലാതെ അകത്തേക്ക് പ്രവേശിപ്പിക്കണമെന്ന് പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരും തയാറായില്ല.

ജീവനക്കാർക്കുള്ള ഡ്യൂട്ടി നിശ്ചയിക്കുന്നവരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിനു പിന്നിൽ. പാസ് വിതരണ കൗണ്ടറിൽ ഡ്യൂട്ടി നിശ്ചയിച്ചിരുന്നത് ഡേറ്റ എൻട്രി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ അവധിയെടുത്തു. പകരം പൊടിപാറ ലാബിൽ ഡ്യൂട്ടിയിലുള്ള ഒരു ഡേറ്റ എൻട്രി താൽക്കാലിക ജീവനക്കാരിയെ നിയോഗിച്ചിരുന്നതായി പറയുന്നു. എന്നാൽ, വൈകീട്ട് ഏഴ് മുതൽ എട്ടുവരെയുള്ള സന്ദർശന പാസ് നൽകേണ്ട സമയത്ത് ഒരാളും ഡ്യൂട്ടിക്ക് എത്തിയില്ല. മുമ്പ് ഈ വിഭാഗം ജീവനക്കാരുടെ ഓരോ ദിവസത്തെയും ഡ്യൂട്ടി നിശ്ചയിച്ചി രുന്നത് എച്ച്.ഡി.എസ് വിഭാഗത്തിലെ മുതിർന്ന ജീവനക്കാരിയായിരുന്നു. അടുത്ത കാലത്തായി ഡേറ്റ എൻട്രി വിഭാഗത്തിലേക്ക് നിരവധി പേർ എച്ച്.ഡി.എസ് മുഖേന ജോലിയിൽ പ്രവേശിക്കുകയും വിവിധ കൗണ്ടറുകൾക്ക് മാറ്റം വരുത്തുകയും ചെയ്തു. തുടർന്ന് എച്ച്.ഡി.എസ് ജീവനക്കാർക്ക് ഡ്യൂട്ടി നിശ്ചയിച്ച് കൊടുത്തിരുന്ന സീനിയർ ജീവനക്കാരിയെ (എച്ച്.ഡി.എസ്) സ്ഥാനത്തുനിന്ന് മാറ്റിയതായി പറയപ്പെടുന്നു. ഇപ്പോൾ ഡേറ്റ എൻട്രി ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാർക്ക് ഡ്യൂട്ടി നിശ്ചയിക്കുന്നത് ആരാണെന്ന് നഴ്സിങ് സൂപ്രണ്ട് ഓഫിസ് അധികൃതർക്കും അറിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*