കോട്ടയം മെഡിക്കൽ കോളേജ് ഭൂഗർഭപാത ഓണത്തിന് തുറക്കും

കോട്ടയം: മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കുന്നതിനുള്ള ഭൂഗർഭപാത ഓണത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വികസനസമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണ്‌ നിർമാണം പൂർത്തിയാക്കുന്നത്. മേൽക്കൂര കൂടി പണിത് ഭൂഗർഭപാതയിലൂടെ എത്തുന്നവർക്ക്‌ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിനുള്ള സംവിധാനവും പാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസനസമിതി ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

വിഷു, ദു:ഖവെള്ളി, ബക്രീദ് ദിവസങ്ങളിൽ ജീവനക്കാർക്ക്‌ നിയന്ത്രിത അവധി അനുവദിക്കുന്നതിനുള്ള ശുപാർശയും യോഗം അംഗീകരിച്ചു. ആശുപത്രിയിലെത്തുന്ന സന്ദർശകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സബ് കമ്മിറ്റി ശുപാർശ ചെയ്ത നിരക്കുകൾ അംഗീകരിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ ആറു കുടുംബശ്രീ കഫേകളുടെ പ്രവർത്തനം ആശുപത്രിവികസനസമിതിയും കുടുംബശ്രീയും നിർദിഷ്ട കുടുംബശ്രീ യൂണിറ്റും തമ്മിലുള്ള ത്രികക്ഷി ധാരണയുടെ അടിസ്ഥാനത്തിൽ തുടരും. നിലവിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള സാങ്കേതികതടസ്സങ്ങൾ നീക്കും. 

ഇന്റർവെൻഷണൽ റേഡിയോളജി, ക്രിട്ടിക്കൽ കെയർ, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിൽ ഒരു വർഷത്തെ ഫെലോഷിപ്പിന് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത ആശുപത്രി വികസനസമിതി ഏറ്റെടുക്കുന്നതിനും യോഗത്തിൽ അംഗീകാരമായി. ആശുപത്രി വികസനസമിതി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച ശമ്പളപരിഷ്‌കരണ ഉപസമിതിയുടെ ശിപാർശകൾക്കും യോഗം അംഗീകാരം നൽകി. ആശുപത്രി വികസനസമിതിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പേയിങ് കൗണ്ടറിൽ ന്യായവില മെഡിക്കൽ ഷോപ്പിൽ മരുന്നുകളും സർജറി ഉപകരണങ്ങളും വാങ്ങുന്നതിന് ഇ ടെൻഡർ മുഖേന റേറ്റ് കോൺട്രാക്ട് രൂപീകരിച്ചു നടപ്പാക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കലക്ടർ ജോൺ വി സാമുവൽ,  മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, സൂപ്രണ്ട്‌ ഡോ. ടി കെ ജയകുമാർ എന്നിവർ സംസാരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*