കോട്ടയം നസീറിന് ഗോള്‍ഡന്‍ വിസ

നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി താരം വിസ ഏറ്റുവാങ്ങി. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് കോട്ടയം നസീറിന് നല്‍കിയത്. 

അഭിനയത്തിനും മിമിക്രിക്കും പുറമെ കോട്ടയം നസീര്‍ ചിത്രരചനയിലും കഴിവ് തെളിയിച്ചിരുന്നു. നാല്‍പ്പത്തിയൊന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടത്തിയ താരത്തിന്റെ ചിത്ര പ്രദര്‍ശനം ജനശ്രദ്ധ നേടിയിരുന്നു. 12 ദിവസമാണ് ചിത്രപ്രദര്‍ശനം നടന്നത്. 

ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്‌പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലം അടക്കം നിരവധി മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെയും യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*