
കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിംഗ് കോളജിലെ റാഗിംഗ് കേസ് പ്രതികളെ 2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥികളും പ്രതികളുമായ കെ. പി. രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, റെജിൽജിത്ത്, എൻ.വി. വിവേക് എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്.
ഇവരെ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയിട്ടുള്ളത്. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങളും പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. പ്രതികളെ പൊലീസ് മാറ്റി നിർത്തി പ്രത്യേകം ചോദ്യം ചെയ്യുമെന്നാണ് വിവരം.
പ്രതികളായ 5 പേരേയും കോളജിലും ഹോസ്റ്റലിലും എത്തിച്ച് വീണ്ടും തെളിവെടുപ്പു നടത്തും. നേരത്തെ അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഇവരുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് കോമ്പസും ഡമ്പലുകളും കത്തിയും കരിങ്കൽ കഷ്ണങ്ങളും ഉൾപ്പടെയുള്ള മാരകാധങ്ങൾ കണ്ടെത്തിയിരുന്നു. ഇവ തെളിവുകളാക്കി പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അതിനിടെ, പ്രതികളുടെ തുടര്‍പഠനം തടയാനും തീരുമാനിച്ചിരുന്നു. ഇവരെ കോളെജിൽ നിന്ന് ഡീബാര്‍ ചെയ്യാനും ഇവർക്ക് കേരളത്തിൽ പഠനം തുടരാനാവില്ലെന്നും നഴ്സിങ് കൗണ്‍സിലിന്‍റെ യോഗത്തിലാണ് തീരുമാനമായിരുന്നത്. അറസ്റ്റിനു പിന്നാലെ റാഗിങ്ങിന് ഇരയായ 4 വിദ്യാർഥികൾ കൂടി ഇവർക്കെതിരെ പരാതി നൽകി രംഘത്തെത്തിയിരുന്നു. ഇവരുടെ അടക്കം പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്.
Be the first to comment