കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷൻ മുഖം മിനുക്കാനൊരുങ്ങുന്നു. എല്ലാ പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് ഒന്നാം പ്രവേശനകവാടത്തിൽ നിന്നുള്ള മേൽപാലത്തിന്റെ നിർമാണം, ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്ക് നവീകരണം, രണ്ടാം പ്രവേശനകവാടത്തിന്റെ നിർമാണ ജോലികൾ, കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം എന്നിവയാണ് നടക്കുന്നത്. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഒന്നാം പ്ലാറ്റ്‌ഫോമിലെ ട്രാക്ക് നവീകരണം. മൂന്ന് കാത്തിരിപ്പ് കേന്ദ്രങ്ങൾ ആധുനിക നിലവാരത്തിൽ പുനർനിർമിക്കുന്നതോടെ യാത്രക്കാർക്ക് സൗകര്യത്തോടെ വിശ്രമിക്കാൻ ഇടമൊരുങ്ങും.
രണ്ടാം പ്രവേശനകവാടം യാഥാർഥ്യമാകുന്നതോടെ റെയിൽവേ സ്‌റ്റേഷന്റെ വികസനക്കുതിപ്പിന് പുതിയ മുഖമാകും. ഒന്നാം കവാടത്തിലെ വാഹനങ്ങളുടെ തിരക്കുൾപ്പെടെ കുറയ്‌ക്കാൻ രണ്ടാം കവാടത്തിന് സാധ്യമാകും. റിസർവേഷൻ, ടിക്കറ്റ് കൗണ്ടർ, 150 മുതൽ 200 വരെ വാഹനങ്ങൾക്കായുള്ള പാർക്കിങ് ഗ്രൗണ്ട്, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഇവിടെയുണ്ടാകും. അഞ്ചാം പ്ലാറ്റ്ഫോമിനും ഗുഡ്സ് ലൈനിനും ശേഷം നിർമിക്കുന്ന പുതിയകവാടം 2024 ഏപ്രിലിലോടെ പൂർത്തിയാകും.
റെയിൽവേ സ്‌റ്റേഷൻ പുതിയ മാറ്റത്തിന് ഒരുങ്ങുമ്പോഴും പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടും യാത്രാദുരിതം മാത്രം അവസാനിക്കുന്നില്ല. കോട്ടയത്തുനിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂ. രാവിലെ 6.30മുതൽ ഒമ്പതുവരെയുള്ള സമയങ്ങളിലാണ് ഏറെ ബുദ്ധിമുട്ട്. ട്രെയിനുകളുടെ കുറവ് വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരെയും ദുരിതത്തിലാക്കുന്നു.
Be the first to comment