ഇന്നലെയും ശക്‌തമായ മഴ , സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്

കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്ത്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു.

ഇതിൽ മേയ് മാസത്തിന്റെ രണ്ടാം പകുതിയിലാണു ലഭിച്ചത്. സംസ്ഥാനത്ത് 39 ശതമാനം അധിക വേനൽ മഴയാണ് ഇക്കാലത്തു ലഭിച്ചത്. ഇന്നലെ രാത്രിയിൽ  മഴ ശക്തിപ്പെട്ടതോടെ  മീനച്ചിൽ, മണിമല ആറുകളിലെ ജലനിരപ്പ് ഉയരുന്നു. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും കരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.

രാത്രികാല അപകട സാഹചര്യം കണക്കിലെടുത്തു ഭീഷണി പ്രദേശങ്ങളിൽ ഉള്ളവരെ അടിയന്തരമായി ക്യാംപുകളിലേക്ക് മാറ്റാൻ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോട്ടയം നഗരത്തിലും  പരിസര പ്രദേശങ്ങളിലും ഇന്നലെ രാത്രി അതിശക്തമായ മഴ പെയ്തു. വടവാതൂരിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട്  7 മുതൽ 9.30 വരെ 9.5 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*