
ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 127 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന് യൂണിറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം തോമസ് ചാഴികാടന് എം.പി നിര്‍വ്വഹിച്ചു. ഉപവരുമാന സാധ്യതകള്‍ തുറന്നുകൊടുക്കുന്ന വിവിധങ്ങളായ പരിശീലനത്തോടൊപ്പം സംരംഭകത്വ സാധ്യതകളും തുറന്ന് കൊടുക്കുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായി സിംഗര്‍ കമ്പനിയുടെ തയ്യല്‍ മെഷീന് യൂണിറ്റുകളാണ് ലഭ്യമാക്കിയത്.
Be the first to comment