സർവീസിൽനിന്ന് വിരമിക്കുന്ന ദിവസം വേറിട്ട തീരുമാനവുമായി കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയും ഭാര്യയും

കോട്ടയം: സർവീസിൽനിന്ന് വിരമിക്കുന്ന ദിവസം വേറിട്ട തീരുമാനവുമായി കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐയും ഭാര്യയും. ദിവസങ്ങൾക്കു മുൻപ് തീരുമാനിച്ച ഈ കാര്യം നടപ്പാക്കാൻ ഇദ്ദേഹത്തിന് ലഭിച്ചത് കൃത്യം വിരമിക്കൽ ദിവസമായ മേയ് 31നാണെന്ന് മാത്രം.

കോട്ടയം സ്‌പെഷ്യൽ ബ്രാഞ്ചിലെ എസ്‌ഐ ആർപ്പൂക്കര വില്ലൂന്നിപടിയിൽ വീട്ടിൽ പിഎം സജിമോനും ഭാര്യ അർച്ചനയും സ്വന്തം ശരീരം മരണശേഷം മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കുന്നതിനായി വിട്ടുനൽകാനാണ് തീരുമാനിച്ചത്. ഇതിനായുള്ള സമ്മതപത്രം ഇദ്ദേഹവും ഭാര്യയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അനാട്ടമി വിഭാഗത്തിലെ ഡോ. മഹേശ്വരിയ്ക്ക് കൈമാറി. മക്കളായ അമൃതയും ആദിത്യനും പിതാവിന്റെയും മാതാവിന്റെയും തീരുമാനത്തിന് കട്ട സപ്പോർട്ടായി ഒപ്പമുണ്ടായിരുന്നു. 

സർവീസിൽനിന്ന് വിരമിക്കുന്നതിനു മുന്നോടിയായി നേരത്തെ തന്നെ സജി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം ആദ്യം മെഡിക്കൽ കോളേജ് ആശുപത്രി അനാട്ടമി വിഭാഗത്തിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ സമ്മതപത്രം നൽകൽ നീണ്ടുപോകുകയായിരുന്നു. തുടർന്ന്, ഇന്ന് ഉച്ചയോടെ സമ്മതപത്രം നൽകുന്നതിനുള്ള അവസരം ലഭിക്കുകയും കൈമാറുകയും ചെയ്തു.

പോലീസ് അസോസിയേഷൻ കെഎപി അഞ്ചാം ബറ്റാലിയൻ ജില്ലാ സെക്രട്ടറിയായും കോട്ടയം ജില്ലയിലെ പോലീസ് അസോസിയേഷനിൽ വിവിധ ഭാരവാഹിത്വവും സജി വഹിച്ചിട്ടുണ്ട്. നിലവിൽ ഓഫീസേഴ്‌സ് അസോസിയേഷൻ സഹകരണ സംഘം ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ലൈബ്രറി സെക്രട്ടറിയുമാണ്. കോട്ടയം ഗാന്ധിനഗർ, ഏറ്റുമാനൂർ, വെസ്റ്റ്, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിലും സ്‌പെഷ്യൽ ബ്രാഞ്ചിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*