കോട്ടയം തിരുനക്കര പഴയ സ്റ്റാൻഡ് പ്രവർത്തനക്ഷമമായി; കാത്തിരിപ്പ് കേന്ദ്രമില്ല, യാത്രക്കാർ ദുരിതത്തിൽ

കോട്ടയം: കാലപ്പഴക്കം വന്ന ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റിയതിൻ്റെ ഭാഗമായി നിർത്തലാക്കിയ കോട്ടയം തിരുനക്കര പഴയ സ്റ്റാൻഡ് പ്രവർത്തനക്ഷമമായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ബസുകൾ പഴയ സ്റ്റാൻഡിനുള്ളിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി തുടങ്ങി.

സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുന്നത് കഴിഞ്ഞ സെപ്തംബർ മുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു.ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകൾ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിലാണ് നിർത്തി വന്നിരുന്നത്. ഇത് കോട്ടയം നഗരത്തിൽ വലിയ ഗതാഗതകുരുകും സൃഷ്ടിച്ചിരുന്നു.

കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കർശന നിർദേശത്തെ തുടർന്നാണ് കോട്ടയം നഗരസഭ, അടിയന്തരമായി സ്റ്റാൻഡ് പ്രവർത്തനക്ഷമമാക്കുവാൻ നടപടി സ്വീകരിച്ചത്.കഴിഞ്ഞ ദിവസം നടന്ന സിറ്റിംങിൽ ബുധനാഴ്ച മുതൽ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് തുറന്നുകൊടുക്കുമെന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം ബസ് ബേ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനായില്ല എന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം കൂടി സാവകാശം നഗരസഭയ്ക്ക് നൽകുകയായിരുന്നു.തുടർന്നാണ് ഇന്ന് ബസുകൾ കടത്തിവിട്ട് തുടങ്ങിയത്.

ബസ്സുകൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകുന്നതിന് ട്രാഫിക് പോലീസും ഡ്യൂട്ടിയിലുണ്ട്. ബസ് സ്റ്റാൻഡിനുള്ളിൽ നിലവിൽ ദിശാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മഴയും വെയിലുമുള്ള കാലാവസ്ഥയിൽ, ഒരു കാത്തിരിപ്പു കേന്ദ്രം പോലുമില്ലാത്തത് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരെ വലിയ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*