RFC യൂടെ ഗ്രാൻഡ് ഫൈനലിൽ ചരിത്രം കുറിക്കാൻ കോട്ടയത്തിന്റെ സ്വന്തം ആനന്ദും വിഷ്ണുവും

കോട്ടയം: മലേഷ്യയിൽ നടക്കുന്ന RFC (Rain forest Challenge) ഗ്രാൻഡ് ഫൈനലിൽ മത്സരിക്കുവാൻ യോഗ്യത നേടി  സ്വന്തം വാഹനവുമായി ഇന്ത്യയിൽ നിന്നും പോകുന്ന ആദ്യ റാലി ടീം എന്ന അപൂർവ ബഹുമതിയാണ് കോട്ടയം ആസ്ഥാനമായുള്ള KTM ജീപ്പർസ് റാലി ടീമിലെ ആനന്ദ് മാഞ്ഞൂരാനും വിഷ്ണുരാജും സ്വന്തമാക്കിയിരിക്കുന്നത്‌. RFC 2019 ലേയും 2021 ലേയും മിന്നുന്ന പ്രകടനമാണ് ഇവരെ 2022 ലെ 25RFC ഗ്രാൻഡ് ഫൈനലിലെത്തിച്ചത്.

ആറു മാസത്തോളം നീണ്ട നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് മത്സരത്തിനുള്ള വാഹനമായ 1.6 ലിറ്റർ പെട്രോൾ മാരുതി ജിപ്സി ജീപ്പ്  മലേഷ്യയിലേക്ക് കൊണ്ടുപോകാനുള്ള അനുവാദം കഴിഞ്ഞ ആഴ്ച ആനന്ദിന് ലഭിച്ചത്. കൊച്ചി കസ്റ്റംസിൽ  നിന്നും വാഹനത്തിനു ക്ലിയറൻസ് കിട്ടുന്നതായിരുന്നു ഏറ്റവും വല്യ കടമ്പ. മാറ്റങ്ങൾ വരുത്തി രൂപകൽപന ചെയ്ത വാഹനമായതിനാൽ അന്യ രാജ്യത്തേക്ക് കയറ്റിഅയക്കുന്നതിനുള്ള അനുവാദം നൽകുവാൻ നിയമങ്ങളിലെ നിബന്ധനകൾ കസ്റ്റംസ് അധികാരികൾക്കും ഒരു ചലഞ്ചായിരുന്നു. ഇതിനു പുറമെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും കീറാമുട്ടിയാകുമെന്ന ഭയവും ഉണ്ടായിരുന്നു. പേപ്പർവർക്കുകളുടെ ബാഹുല്യം കാരണം ഈ വർഷത്തെ RFC ചലഞ്ചു പോലും ഒഴിവാക്കേണ്ടി വന്നു എന്ന് ആനന്ദ് പറയുന്നു.

റാലിയിൽ പങ്കെടുക്കാനുള്ള മലേഷ്യൻ കസ്റ്റംസിന്റെ ക്ലിയറൻസ് ആണ് അവസാനത്തെ കടമ്പ. അധികമായുള്ള പേപ്പർ വർക്ക് ആണ് മുൻവർഷങ്ങളിലെല്ലാം ഇന്ത്യയിൽ നിന്നുമുള്ള RFC വിജയികളെ ഫൈനലിൽ കാണാതിരിക്കാൻ കാരണം എന്ന് ആനന്ദ് പറയുന്നു. മലേഷ്യയിൽ നിന്ന് തന്നെയൊരു വാഹനം സംഘടിപ്പിക്കാമായിരുന്നുവെങ്കിലും സ്വന്തം വണ്ടി തന്നെ മത്സരത്തിൽ ഓടിക്കണമെന്നും ഇന്ത്യൻ പതാക അതിൽ പാറിക്കണമെന്നും താൻ ആഗ്രഹിക്കുന്നതായി ആനന്ദ് പറയുന്നു.

“ലോകത്തിലെ തന്നെ ഏറ്റവും കാഠിന്യമേറിയ പാതകളിലൂടെയാണ് RFC ഓഫ് റോഡ് റേസ് നടക്കുന്നത്, ഇന്ത്യയിൽ ഓടിച്ചു പരിചയമില്ലാത്ത തരം റോഡുകളാണ് മലേഷ്യയിൽ എന്നെ കാത്തിരിക്കുന്നത്. 48 മണിക്കൂറോളം എടുത്തേക്കാവുന്ന അധികം വെളിച്ചമില്ലാത്തതും ചതുപ്പു നിറഞ്ഞതുമായ വഴികൾ ഉണ്ടെന്നാണ് ഞാൻ അറിഞ്ഞത്. എനിക്കും എന്റെ വണ്ടിക്കും അതൊരു ചലഞ്ച് തന്നെ ആയിരിക്കും.” ആനന്ദിന്റെ കൗതുകം നിറഞ്ഞ വാക്കുകൾക്കൊപ്പം ചലഞ്ച് ഏറ്റെടുക്കുന്ന മുഖഭാവവും ആവേശമാവുകയാണ്.

2008 തൊട്ടു ഓഫ് റോഡ് റെയ്‌സിങ് നടത്തുന്ന ആനന്ദിന് കഴിഞ്ഞ അഞ്ചു വർഷമായി കൂട്ടായുള്ളതാണ് ഈ ജിപ്സി. കുറച്ചു കൂടെ മെച്ചപ്പെട്ട വലിയ പെട്രോൾ എൻജിൻ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ സ്വന്തം ജിപ്സിയിൽ ചെറിയ രൂപമാറ്റങ്ങളും സസ്പെന്ഷനിൽ ചില അപ്ഗ്രേഡുകളും ചെയ്തിട്ടുണ്ട്. മലേഷ്യയിലെ റോഡുകളിൽ തന്നെ ജിപ്സി ചതിക്കില്ല എന്ന ആത്മവിശ്വാസത്തോടെ സഹഡ്രൈവർ ആയ വിഷ്ണുവുമൊത്തു യാത്ര തിരിക്കുകയാണ് ആനന്ദ്.

നവംബർ 27 നു മലേഷ്യയിൽ നടക്കുന്ന  RFC ഗ്രാൻഡ് ഫൈനലിൽ പങ്കെടുക്കുന്ന ഇരുവർക്കും ചരിത്രം കുറിക്കുവാനാകട്ടെ എന്നാണ് മലയാളികളായ ഓരോ RFC ആരാധകൻറെയും പ്രാർത്ഥന.

* WebDesk

Be the first to comment

Leave a Reply

Your email address will not be published.


*