ഇൻഡ്യ മുന്നണി എന്ന് പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ

കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക പത്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെയും യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് കെ ജോർജിൻ്റെയും പരസ്യമുണ്ട്.

അഡ്വക്കേറ്റ് ഫ്രാൻസിസ് കെ ജോർജ് യുഡിഎഫ് മുന്നണി സ്ഥാനാർത്ഥിയെ ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കുക എന്ന് മാത്രം പറഞ്ഞിരിക്കുമ്പോൾ എൽഡിഎഫ് ഒരു പടികൂടി കടന്ന് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടനെ വിജയിപ്പിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഇന്‍ഡ്യ മുന്നണി സ്ഥാനാർത്ഥി യുഡിഎഫിൻ്റെ ഫ്രാൻസിസ് ജോർജ് ആണോ എൽഡിഎഫിൻ്റെ തോമസ് ചാഴികാടനാണോ എന്ന് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കും എന്നാണ് ആശങ്ക.

രാഹുൽ ഗാന്ധി കോട്ടയത്ത് പ്രചാരണത്തിന് എത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും പറഞ്ഞു വോട്ട് ചോദിച്ചില്ലെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. രാഹുൽ വോട്ട് ചോദിച്ചത് ഇൻഡ്യ മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി ആണെന്ന് കൂടി പറഞ്ഞുവെച്ചു സിപിഐഎമ്മും കേരള കോൺഗ്രസ് മാണി വിഭാഗവും. ആരൊക്കെ എങ്ങനെയൊക്കെ പ്രചരിപ്പിച്ചാലും ജനങ്ങൾക്ക് സത്യം അറിയാമെന്നും വിജയം സുനിശ്ചിതമാണെന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*