സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ ; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എക്‌സൈസ് മന്ത്രി നടത്തിയത് 25 കോടി രൂപയുടെ വൻ അഴിമതിയെന്ന് കെ സുധാകരൻ പറഞ്ഞു. മന്ത്രി എംബി രാജേഷ് രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പുതിയ മദ്യനയം കേരളത്തെ മദ്യത്തിൽ മുക്കുമെന്ന് കെ സുധാകരൻ വിമർശിച്ചു. മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം.

ബാറുടമകൾക്ക് കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കുന്നതിനായുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ഐടി പാർക്കുകളിലുൾപ്പെടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നീക്കമാണ് പിണറായി വിജയൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേരളത്തെ മദ്യവിമുക്തമാക്കുമെന്ന് വാഗ്ദാനം ചെയ്താണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. അതെല്ലാം കോഴയ്ക്കുവേണ്ടി പിണറായി വെള്ളത്തിൽ മുക്കിയെന്ന് കെ സുധാകരൻ രൂ വിമർശനം ഉയർത്തി.

ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ എംമാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ബാറുടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിക്കെതിരെ ഇടതുപക്ഷത്തിന്റെ വലിയ പ്രക്ഷോഭം ഉണ്ടായത്. കെഎം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തേത് 25 കോടിയുടെ ഇടപാടാണ്. എക്‌സൈസ് മന്ത്രിയുടെ രാജി ഉടനടി ഉണ്ടാകണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

 

Be the first to comment

Leave a Reply

Your email address will not be published.


*