ഡിസിസി ഓഫീസിലെ തമ്മിലടി; സജീവന്‍ കുരിയച്ചിറയ്ക്കും എംഎല്‍ ബേബിയ്ക്കും സസ്‌പെന്‍ഷന്‍

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിൽ നടന്ന തമ്മിലടി സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി തുടരുന്നു. ഡിസിസി സെക്രട്ടറി കുരിയച്ചിറയെയും എംഎല്‍ ബേബിയെയും കെപിസിസി സസ്‌പെൻഡ് ചെയ്തു. പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുരിയച്ചിറ, എംഎല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. നേരത്തെ ഡിസിസി ഓഫീസ് സംഘർഷത്തിൽ സജീവൻ കുരിയച്ചിറക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.

അതെ സമയം തൃശൂർ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂരും തൃശൂർ യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റും സമർപ്പിച്ച രാജി കെപിസിസി നേതൃത്വം സ്വീകരിച്ചു. ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എംപി വിന്‍സന്റിന്റെ രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്. തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് നല്‍കിയതായി കെപിസിസി യോഗം അറിയിച്ചു.

തൃശൂരിൽ കെ മുരളീധരന്റെ തെരഞ്ഞടുപ്പ് പരാജയം അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെയും നിയോഗിച്ചു. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ് , വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ  ടി സിദ്ദിഖ് എംഎല്‍എ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയേയാണ് കെപിസിസി നിയമിച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന കൂട്ടത്തല്ലിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് എംപി വിൻസെന്റും ജോസ് വള്ളൂരും ഇന്ന് രാവിലെ രാജി സമർപ്പിച്ചത്. കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എം പി വിന്‍സെന്റ് എന്നിവരുടെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിക്കുകയായിരുന്നു.

ഡിസിസി ഓഫീസ് സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇരു നേതാക്കള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്ന് നേതൃത്വം വിലയിരുത്തിനേരത്തെ തൃശ്ശൂർ ഡിസിസിയിലെ തമ്മിൽത്തല്ല് സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സസ്പെൻഷൻ നേതൃത്വം നൽകിയിരുന്നു വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി കാവ്യ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോൻ തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*