തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായുള്ള ബിജെപി സംസ്ഥാന നേതൃയോഗം തുടങ്ങി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായുള്ള ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് കൃഷ്ണദാസ് പക്ഷം വിട്ടുനില്‍ക്കുന്നു. എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. വിട്ടു നില്‍ക്കുന്നത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളാണ്. പാര്‍ട്ടിയില്‍ പുകയുന്ന അതൃപതിയാണ് നേതാക്കളുടെ വിട്ടുനില്‍ക്കലിലൂടെ വ്യക്തമാകുന്നത്. സംസ്ഥാന ഘടകത്തിൻ്റെ അവഗണയില്‍ പ്രതിഷേധിച്ചാണ് നേതാക്കളുടെ വിട്ടുനില്‍ക്കലെന്നാണ് സൂചന.

ഇതിലൂടെ തങ്ങള്‍ക്ക് നേരെയുള്ള ഔദ്യോഗിക വിഭാഗത്തിൻ്റെ അവഗണന കേന്ദ്ര നേതൃത്വത്തെ അറിയിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. കൂടാതെ നേതൃയോഗത്തിന് മുമ്പ് സംസ്ഥാന കോര്‍ കമ്മിറ്റി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് അവലോകനം നടത്തണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിൻ്റെ ആവശ്യം. ഇത് സംസ്ഥാന നേതൃത്വം അവഗണിച്ചിരുന്നു. ഇതോടെ തങ്ങളുടെ പരാതി പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് കൃഷ്ണദാസ് പക്ഷത്തിൻ്റെ നിഗമനം. ഇതാണ് യോഗം ബഹിഷ്‌കരിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്നത്തെ സംസ്ഥാന നേതൃയോഗം സമാപിച്ചതിന് ശേഷമാകും കോര്‍ കമ്മിറ്റി ചേരുക. സ്ഥാനാര്‍ഥികളും നേതാക്കളുമാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, സംസ്ഥാന നേതൃത്വമറിയാതെ ഇ.പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച് പ്രകാശ് ജാവേദ്ക്കറും യോഗത്തില്‍ വിശദീകരിക്കും. വിഭാഗീയത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ നേതൃയോഗത്തില്‍ സംഘടന ദൗര്‍ബല്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ ചര്‍ച്ചയാകും.

Be the first to comment

Leave a Reply

Your email address will not be published.


*