സംഘപരിവാറിൻ്റെ വർഗീയ പരാമർശത്തിനെതിരെ സി ശുക്കൂർ

ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് വർഗീയപരമായി ആക്രമിക്കുന്ന സംഘപരിവാറിനെതിരെ സി ശുക്കൂർ രംഗത്ത്. അഭിഭാഷകനും ബിജെപി നേതാവുമായ കൃഷ്ണരാജ് ആണ് ഫേസ്ബുക് വഴി ശുക്കൂർ വക്കീലിനെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഏപ്രിൽ 24 ന് പയ്യന്നൂർ തെരുവിലെ ക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ ശുക്കൂർ വക്കീൽ പങ്കെടുത്തിരുന്നു. ഫേസ്ബുക് വഴിയാണ് ആ ചടങ്ങിനെയും തൻ്റെ സാന്നിധ്യത്തെയും കൃഷ്ണരാജ് വർഗീയമാക്കി മാറ്റുന്നുവെന്ന് ശുക്കൂർ വെളിപ്പെടുത്തിയത്.

ഇസ്ലാം മതത്തിൽ ജനിച്ച ഒരാൾ ക്ഷേത്രത്തിലെ പരിപാടികൾക്ക് പോകുന്നത് അപകടം പിടിച്ച എന്തോ ഒന്നാണ് എന്ന് വരുത്തിത്തീർക്കുന്ന തരത്തിലുള്ള നിലപാടാണ് കൃഷ്ണരാജിന്റെ ഫേസ്ബുക് പോസ്റ്റിൽ ഉള്ളത്. മത വിദ്വേഷം നിറഞ്ഞ സ്പർധയുണ്ടാക്കുന്ന ആ പോസ്റ്റിന് നിരവധി ആളുകൾ കൃഷ്‌ണരാജിനെ പിന്തുണച്ചിട്ടുണ്ട്. അവരുടെയെല്ലാം മനസിൽ കൃഷ്ണരാജ് വെറുപ്പിന്റെ വിത്തുകൾ വിതറിയിരിക്കുകയാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ പ്രകാരമുള്ള ഒരു കുറ്റകൃത്യമാണ് അയാൾ ചെയ്തിരിക്കുന്നത്. അത് ഗൗരവത്തിൽ കാണണം.

മുസ്‌ലിം സമുദായത്തിൽ പെട്ടവർ പോകുന്ന നൂറു കണക്കിന് അമ്പലങ്ങൾ മലബാറിൽ ഉണ്ട്. തിരിച്ചും ഹിന്ദു സമുദായത്തിൽ പെട്ടവർ പോകുന്ന നൂറു കണക്കിന് പള്ളികളും മലബാറിൽ ഉണ്ട്. മുക്രി തെയ്യത്തിൻ്റെയും ഉമ്മച്ചി തെയ്യത്തിൻ്റെയും നാടാണ് മലബാർ. പെരുമ്പട്ട അമ്പലത്തിൽ ഉത്സവം തുടങ്ങുന്നത് സ്ഥാനീയർ പള്ളിയിൽ പോയിട്ടാണ്. എത്രയോ ക്ഷേത്രങ്ങളിൽ ഉത്സവം തുടങ്ങുന്നത് മുസ്ലിം വീടുകളിലേക്ക് ആചാരപ്രകാരം പഞ്ചസാരയും അരിയും നൽകിക്കൊണ്ടാണ്. നിരവധി പള്ളികൾ കെട്ടാൻ ഇടം നൽകുന്നത് പോലും ഹിന്ദു സമുദായത്തിൽ നിന്നുള്ളവരാണ്. അത്തരത്തിൽ കൊടുക്കൽ വാങ്ങലുകളുടെ ബോധം മലബാറിൽ ഉണ്ട്. അതിനെ തകർക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഒരു കലാകാരൻ എന്ന നിലയിലാണ് എന്നെ ക്ഷേത്രങ്ങളിലേക്ക് വിളിക്കുന്നത്. അതിലവർ എൻ്റെ മതം നോക്കുന്നില്ല. പക്ഷെ അതിനെ മതവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*