തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് സിയെ റിപ്പോർട്ട് ചെയ്യാത്തതിനെക്കുറിച്ച് കെഎസ് ഇബി മിണ്ടുന്നതേയില്ല.
അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെയും സബ് എഞ്ചിനീയർമാരുടെയും ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്നായിരുന്നു കെഎസ്ബിയുടെ തീരുമാനം. വിവരാവകാശ രേഖകളും കെഎസ്ഇബി തീരുമാനത്തിൻ്റെ രേഖകളും തെളിവാക്കിയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ നിയമനനിരോധനമെന്ന് വാർത്ത നൽകിയതും. വാർത്ത തെറ്റാണെന്ന് കെഎസ്ഇബി വാർത്താ കുറിപ്പിറക്കി. മന്ത്രി കൃഷ്ണൻകുട്ടിയും അതേറ്റുപിടിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. എന്നാൽ വകുപ്പ് മന്ത്രിയുടെയും കെഎസ്ഇബിയുടെയും വാദം കളവാണെന്ന് വിവരാകാശ രേഖ തെളിയിക്കുന്നു.
കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല എന്ന് കെഎസ്ഇബി ചെയർമാൻ നിർദേശിച്ചു എന്നാണ് വിവരാവകാശ മറുപടി. ഈ മറുപടി ശരിയാണെന്ന് കെഎസ്ഇബിയിലെ നിലവിലുള്ള ഒഴിവുകൾ പരിശോധിക്കുന്നവർക്ക് മനസ്സിലാകും. കെഎസ്ഇബിയിൽ നിലവിൽ 240 അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകളാണ് പിഎസ് സിയെ അറിയിക്കാതെ പൂഴ്ത്തിവെച്ചിരിക്കുന്നത്.
അതായത് ഇനി അടുത്ത കാലത്തൊന്നും ഈ 240 ഒഴിവുകളിലേക്ക് നിയമനം നടക്കില്ലെന്ന് ഉറപ്പ്. ഒഴിവുകൾ പൂഴ്ത്തിവെച്ച കാര്യം പിഎസ് സി അറിഞ്ഞു. കെഎസ്ഇബിയോട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനാവശ്യപ്പെട്ടു. പക്ഷേ ബോർഡ് അനങ്ങിയില്ല. അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടേത് കൂടാതെ 400 സബ് എഞ്ചിനീയർമാരുടെ ഒഴിവുകളും കെഎസ്ഇബി പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാതെ ഒളിപ്പിച്ച് വെച്ചിരിക്കുകായാണിപ്പോഴും. ഇതിനിടയിൽ 217 സബ് എഞ്ചിനീയർമാർക്ക് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നിയമനം കൊടുത്തു എന്നത് വസ്തുതയാണ്. പക്ഷേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിവെച്ചാലത് നിയമനനിരോധനമാണ്.
Be the first to comment