
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനത്തില്‍ പോയ വര്‍ഷം ഏറ്റവും മുന്നില്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പ്രകാരം 736 കോടിയുടെ ലാഭമാണ് കെഎസ്ഇബിക്കുള്ളത്. തൊട്ടു മുന്‍വര്‍ഷം 1822 കോടി നഷ്ടമുണ്ടാക്കിയ സ്ഥാനത്താണിത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭം 1368 കോടി രൂപയാണ്. ഇതിന്റെ 53.79 ശതമാനവും കെഎസ്ബിയില്‍നിന്നാണ്. നൂറു കോടിക്കു മുകളില്‍ ലാഭമുണ്ടാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്, കെഎസ്ഇബിയും കെഎസ്എഫ്ഇയും. 105 കോടിയാണ് കെഎസ്എഫ്ഇയുടെ ലാഭം.
കെഎസ്ഇബിക്കു പുറമേ വന വികസന കോര്‍പ്പറേഷനും ഓയില്‍ പാമും നഷ്ടത്തില്‍നിന്നു ലാഭത്തിലെത്തി. 58 പൊതു മേഖലാ സ്ഥാപനങ്ങളാണ് പോയ വര്‍ഷം ലാഭമുണ്ടാക്കിയത്. ഇവയുടെ ആകെ ലാഭം മുന്‍വര്‍ഷത്തേതില്‍നിന്ന് ഇരട്ടിയായി. കഴിഞ്ഞ വര്‍ഷം 654 കോടി ലാഭമുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1368 കോടിയായി.
കെഎസ്ആര്‍ടിസിയും സപ്ലൈകോയുമാണ് ഏറ്റവും നഷ്ടമുണ്ടാക്കിയ സ്ഥാപനങ്ങള്‍. 1327 കോടിയാണ് ഇവയുണ്ടാക്കിയ നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 2022ലെ 4065 കോടിയില്‍നിന്ന് ഇത്തവണ 1873 കോടിയായി കുറഞ്ഞു.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ലാഭം കൂടിയെങ്കിലും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച ജിഎസ്ഡിപിക്കു വളര്‍ച്ചയ്‌ക്കൊത്തല്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന രഹിതമായ പൊതുമേഖലാ സ്ഥാപങ്ങള്‍ അടച്ചുപൂട്ടാനും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയുടെ ഓഹരികള്‍ വില്‍ക്കുകയോ അടച്ചു പൂട്ടുകയോ ചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Be the first to comment